സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം- ജില്ലാതല അവലോകന യോഗം ചേര്‍ന്നു
വികസന നിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച അഭിപ്രായം ആരായാനും പ്രാദേശികമായി വികസന ആവശ്യങ്ങള്‍ മനസ്സിലാക്കി ആസൂത്രണം ചെയ്യുന്നതിനുമായി നടപ്പിലാക്കുന്ന നവകേരളം- സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം- വികസനക്ഷേമ പഠന പരിപാടിയുടെ മലപ്പുറം ജില്ലാതല അവലോകന യോഗം ജില്ലാ കളക്ടര്‍ വി.ആര്.വിനോദിന്റെ അധ്യക്ഷതയില്‍ എല്‍.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാതല നിര്‍വഹണ സമിതി അംഗങ്ങള്‍, മണ്ഡലം- തദ്ദേശ സ്ഥാപനതല ചാര്‍ജ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചായിരുന്നു ഏകോപന യോഗം. സംസ്ഥാനതല നിര്‍വഹണ സമിതി അംഗമായ എം. ഗൗതമനും യോഗത്തില്‍ പങ്കെടുത്തു.
വിവരശേഖരണത്തിനായി സന്നദ്ധതയറിയിച്ച കര്‍മസേനാംഗങ്ങള്‍ ഭവനസന്ദര്‍ശനം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനോടകം പരിശീലനം ലഭിക്കാത്തവര്‍ക്കുള്ള പരിശീലന പരിപാടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് ചെയ്ത എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും കുറ്റമറ്റ രീതിയില്‍ വികസന-ക്ഷേമ പഠന പരിപാടി നിശ്ചിത തിയതിക്കകം പൂര്‍ത്തിയാക്കണമെന്നും സംസ്ഥാനതല നിര്‍വഹണ സമിതി അംഗം എം. ഗൗതമന് ഓര്‍മപ്പെടുത്തി.
വികസന ക്ഷേമ പരിപാടിയുടെ ജില്ലാതല കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ. മുഹമ്മദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാതല കര്മസമിതിയംഗങ്ങളായ സ്വാതി ചന്ദ്രമോഹന്, എ.ശ്രീധരന്, ബി.സുരേഷ് കുമാര്‍, ഡോ.പി.സീമ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്. പ്രസാദ് തുടങ്ങിയവരും വിവിധ മണ്ഡലം-തദ്ദേശ തല ചാര്‍ജ് ഓഫീസര്‍മാരും ഉള്‍പ്പെടെ നൂറോളം പേര് പങ്കെടുത്തു.
2026 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധ സേന അംഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വിവരശേഖരണം നടത്തുന്നത്. വികസന-ക്ഷേമ പരിപാടിയ്ക്ക് സന്നദ്ധതയറിച്ച 10024 കര്മസമിതിയംഗങ്ങള് ഭവനസന്ദര്‍ശനം നടത്തിയാണ് ജില്ലയില്‍ അഭിപ്രായ രൂപീകരണം നടത്താന്‍ ലക്ഷ്യമിടുന്നത്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രത്യേകമായി രൂപകല്പന ചെയ്ത മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ക്രോഡീകരിച്ചാണ് സര്ക്കാരിലേക്കെത്തിക്കുന്നത്.
- Log in to post comments