സംസ്ഥാന ക്ഷീര സംഗമം പടവ് 2026 മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും
സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026' ന് കൊല്ലം ജില്ല വേദിയാകും. ആശ്രാമം മൈതാനത്തും യൂനുസ് കണ്വെന്ഷന് സെന്ററിലുമായി ജനുവരി 18 മുതല്‍ 21 വരെ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മില്‍മ, കേരള ഫീഡ്സ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോര്‍ഡ്, വെറ്ററിനറി സര്‍വ്വകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 18 ന് രാവിലെ 10ന് സംഘാടക സമിതി ചെയര്‍മാനായ എം. മുകേഷ് എം.എല്‍.എ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. രാവിലെ 10.30ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡയറി എക്സ്പോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പി.എസ് സുപാല്‍ എം.എ.എല്‍. അധ്യക്ഷനാകും.
ജനുവരി 19 ന് രാവിലെ 11.30 ന് സംസ്ഥാന ക്ഷീരസംഗമം പടവ് 2026-ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ക്ഷീരസഹകാരി അവാര്‍ഡ്, ഡോ. വര്‍ഗ്ഗീസ് കുര്യന് അവാര്‍ഡ്, മാധ്യമ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും.
ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല ക്ഷീരസഹകാരി അവാര്‍ഡുകള്‍ സമ്മാനിക്കും. 2024-25 വര്‍ഷം ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിച്ച/ നൂതന പദ്ധതികള്‍ ആവിഷ്കരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ആദരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് ദാനം, ജില്ലാതല ക്ഷീരസഹകാരി അവാര്‍ഡുകളുടെ വിതരണം, ഗോപാല്‍രത്ന അവാര്‍ഡ് ലഭിച്ച സംഘങ്ങളെ ആദരിക്കല്‍, മികച്ച ക്ഷേമനിധി കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് ദാനം, ജില്ലയിലെ ഏറ്റവും ഗുണമേന്മയുള്ള പാല് സംഭരിച്ച ക്ഷീരസംഘത്തെ ആദരിക്കല്‍, മികച്ച ക്ഷീരസംഘങ്ങളെ ആദരിക്കല്‍ എന്നിവ അനുബന്ധമായി നടക്കും.
കന്നുകാലികളുടെ നൂതന തീറ്റ രീതികളെക്കുറിച്ചും, പ്രജനനമാര്ഗങ്ങളെക്കുറിച്ചുമുള്ള സെമിനാര്‍ 'ഡയറി മാനേജ്മെന്റിലെ നവീന ഉപാധികള്‍', ക്ഷീരസംരംഭക്ത്വത്തിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന 'ക്ഷീരസംരംഭകത്വം- അനന്ത സാധ്യതകള്‍', ക്ഷീരകര്‍ഷകരുടെ ശാസ്ത്രീയ കണ്ടെത്തലുകള്‍ പങ്ക് വയ്ക്കുന്ന 'നാട്ടിലെ ശാസ്ത്രം', എല്‍.എസ്.ജി.ഡി ശില്പശാല, ക്ഷീരമേഖലയിലെ ഡിജിറ്റലൈസേഷന് സെമിനാര്‍, 'നവ മാധ്യമങ്ങളും നൈതികതയും' എന്ന വിഷയത്തില്‍ മാധ്യമ ശില്പശാല, ക്ഷീരവികസന വകുപ്പിലെ മുന്‍ ഡയറക്ടര്‍മാരുടെ കാഴ്ചപ്പാടുകള്‍, സംശയ നിവാരണങ്ങള്‍ക്കായി വിദഗ്ധര്‍ പങ്കെടുക്കുന്ന 'മുഖാമുഖം' പരിപാടി തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡെയറി എക്സ്പോ 150 ല്‍ പരം സ്റ്റാളുകളുമായി ആശ്രാമം മൈതാനത്ത് ഈ ദിവസങ്ങളിലായി ഒരുക്കും. വിവിധ ഉല്പാദനോപാധികളുടെ ബൃഹത്തായ പ്രദര്‍ശനം എക്സ്പോയുടെ ഭാഗമായുണ്ട്. പ്രവേശനം സൗജന്യം.
മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അയ്യായിരത്തോളം ക്ഷീര സഹകാരികളും, പതിനായിരത്തോളം ക്ഷീരകര്‍ഷകരും മേളയുടെ ഭാഗമാകും.
- Log in to post comments