കളമശ്ശേരി തിമിര രഹിത മണ്ഡലമാകും - മന്ത്രി പി. രാജീവ്
ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 25 ന്
കളമശ്ശേരി മണ്ഡലത്തിൽ വ്യവസായ വകുപ്പു മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒപ്പം സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 25 ഞായറാഴ്ച്ച രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ കളമശ്ശേരി സമ്ര കൺവെൻഷൻ സെൻ്ററിൽ നടക്കും. പത്തടിപ്പാലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ ക്യാമ്പോടെ തിമിരരഹിത മണ്ഡലമായി കളമശ്ശേരി മാറുമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിനോട് അനുബന്ധിച്ച് സിപിആർ ചെയ്യുന്നതിനുള്ള പരിശീലനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സ്തനാർബുദ പരിശോധന, ഹൃദ്രോഗ പരിശോധന, നേത്ര, ദന്ത , കേൾവി പരിശോധന എന്നിവയ്ക്കായി വിപുലമായ സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കും. ഇസിജി, എക്കോ, ടി എം ടി , മാമോഗ്രാം ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകും. ദന്ത കോളേജുകളുടെ മൊബൈൽ ചികിത്സ ബസുകളും ക്യാമ്പിൽ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.
ജനറൽ, സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, ആയുർവേദം, ഹോമിയോ വിഭാഗങ്ങളിലായി വിപുലമായ ചികിത്സ സൗകര്യം ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ജനറൽ മെഡിസിൻ, ജനറൽ സർജറി, കാർഡിയോളജി, ഗ്യാസ്ട്രോ എൻ്ററോളജി, ഗൈനക്കോളജി, സർജിക്കൽ ഓങ്കോളജി, ന്യൂറോളജി തുടങ്ങി 20 ലധികം വിഭാഗങ്ങളിലായി പരിശോധനകളും ചികിത്സയ്ക്കുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. 35 സർക്കാർ - സ്വകാര്യ ആശുപത്രികളിൽ നിന്നായി 250 ലധികം ഡോക്ടർമാരും മുന്നൂറിൽപരം ആരോഗ്യ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കും. എറണാകുളം ജനറൽ ആശുപത്രി, കൊച്ചി മെഡിക്കൽ കോളേജ് , കൊച്ചിൻ ക്യാൻസർ സെൻറർ, ആസ്റ്റർ, രാജഗിരി, അമൃത, ലിസി, മെഡിക്കൽ ട്രസ്റ്റ്, മെഡിക്കൽ സെൻറർ, റിനൈ മെഡിസിറ്റി, ലൂർദ് ഹോസ്പിറ്റൽ, കിൻഡർ ഹോസ്പിറ്റൽ, ശ്രീനാരായണ മെഡിക്കൽ കോളേജ്, അഡ്ലക്സ് അപ്പോളോ, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, ഡോക്ടർ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റൽ, ഗിരിധർ , സെൻറ് ജോസഫ് മഞ്ഞുമ്മൽ, സുധീന്ദ്ര, സൺറൈസ് ഹോസ്പിറ്റൽ, വെൽകെയർ ഹോസ്പിറ്റൽ, ലേക്ഷോർ ഹോസ്പിറ്റൽ, ഹോമിയോ ആയുർവേദ ആശുപത്രികൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമാകും. 10,000 ത്തിലധികം ആളുകൾ ക്യാമ്പിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും. കൂടാതെ മരുന്നും ആവശ്യമായ രോഗികൾക്ക് വിദഗ്ധ പരിശോധനകളും ശസ്ത്രക്രിയയും സൗജന്യമായിരിക്കും.
കഴിഞ്ഞ നാല് വർഷങ്ങളിൽ സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഭാഗമായി ഇതിനകം 40,000 പേർക്ക് സൗജന്യ ചികിത്സ നൽകി. 2246 പേർക്കാണ് നേത്ര ശസ്ത്രക്രിയ നടത്തുകയും കണ്ണട നൽകുകയും ചെയ്തത്. കൂടാതെ 116 പേർക്ക് ഹിയറിങ് എയ്ഡുകളും 44 പേർക്ക് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും, ഏഴുപേർക്ക് പ്ലാസ്റ്റിക് സർജറിയും നടത്തിയെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ക്യാമ്പിലേക്ക് ആളെ എത്തിക്കുന്നതിനുള്ള സൗജന്യ യാത്ര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വീടുകൾ തോറും കയറി രജിസ്ട്രേഷൻ ക്യാമ്പയിൻ ജനുവരി 17, 18 തിയതികളിലായി നടക്കും. രജിസ്ട്രേഷൻ 20ന് അവസാനിക്കും.
- Log in to post comments