സവിശേഷ - ഭിന്നശേഷി തൊഴിൽ മേള ഇന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
സാമൂഹ്യ നീതി വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽപെട്ട തൊഴിലന്വേഷകർക്കായുള്ള തൊഴിൽ മേള ഇന്ന് (ജനുവരി 20) മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അധ്യക്ഷയാകും.
വഴുതക്കാട് ഗവൺമെന്റ് വനിതാ കോളേജിൽ നടക്കുന്ന ജോബ് ഫെസ്റ്റിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ എട്ടിന് ആരംഭിക്കും. പരിപാടിയിൽ നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, വഴുതക്കാട് ഗവ. വനിതാ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഉമ ജ്യോതി എന്നിവർ പങ്കെടുക്കും.
ഭിന്നശേഷി വിഭാഗത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പ് നടത്തുന്ന ഭിന്നശേഷി പ്രതിഭകളുടെ സർഗോത്സവം - സവിശേഷയുടെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.
തൊഴിൽ മേളയിൽ 85 ലധികം തസ്തികകളിലേക്ക് അഭിമുഖങ്ങൾ നടക്കും. നിലവിൽ 400 ലധികം ഒഴിവുകളാണ് വിവിധ സ്ഥാപനങ്ങളിൽ നിന്ന് റിപ്പോട്ട് ചെയ്തിട്ടുള്ളത്. 40 ഓളം തൊഴിൽ ദാതാക്കൾ ഓൺലൈനായും ഓഫ്ലൈനായും പങ്കെടുക്കും. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിൽ അന്വേഷകർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.
പി.എൻ.എക്സ്. 255/2026
- Log in to post comments