Skip to main content

'ഇ.എം.എസ് സ്മൃതി' ആധുനിക കേരളാ ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടി : മുഖ്യമന്ത്രി

*നിയമസഭയിലെ ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്തു

കേരള നിയമസഭാ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുള്ള ഇ.എം.എസ് സ്മൃതി ആധുനിക കേരളത്തിന്റെ ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ ചരിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് യഥാർത്ഥ ചരിത്രത്തെ വസ്തുനിഷ്ഠമായി പഠിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കും. കേരള നിയമസഭയിലെ ജി. കാർത്തികേയൻ മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുള്ള ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കേരളത്തിന്റെ ശില്പികളിൽ അഗ്രഗണ്യനാണ് ഇ.എം.എസ്. ഐക്യകേരളം എന്ന ആശയം രൂപപ്പെടുന്നതിനും അത് യാഥാർത്ഥ്യമാക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ജാതി-ജന്മി-നാടുവാഴി മേധാവിത്വത്തിനും വിദേശാധിപത്യത്തിനും എതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ ഇ.എം.എസിന്റെ എഴുത്തുകളും പ്രസംഗങ്ങളും നിർണ്ണായകമായിരുന്നു. കേരളത്തിന്റെ സാമൂഹിക ഘടനയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച ഭൂപരിഷ്‌കരണത്തിന് അടിത്തറയായത് ഇ.എം.എസിന്റെ കാഴ്ചപ്പാടുകളായിരുന്നു. 1957-ലെ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്‌കരണത്തിലൂടെ ജന്മിത്വം അവസാനിക്കുകയും കർഷകത്തൊഴിലാളികൾക്ക് ഭൂമിയുടെ അവകാശം ലഭിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കൈവശഭൂമിക്ക് പട്ടയം നൽകുന്ന നടപടികൾ സർക്കാർ ഇപ്പോഴും ഊർജ്ജിതമായി നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണത്തിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിനും ഇ.എം.എസ് നൽകിയ സംഭാവനകൾ മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. ജനകീയാസൂത്രണത്തിന്റെ സംസ്ഥാനതല ഉപദേശക സമിതി അധ്യക്ഷൻ എന്ന നിലയിൽ ഇ.എം.എസ് വഹിച്ച പങ്ക് വലുതാണ്. അധികാരവും പണവും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ കേരള മാതൃക പ്രളയകാലത്തും കോവിഡ് കാലത്തും നാടിന് ഗുണകരമായി. നവകേരള നിർമ്മാണത്തിലൂടെ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുക എന്നതാണ് ഇ.എം.എസിന് നല്കാൻ കഴിയുന്ന ഏറ്റവും മികച്ച ആദരവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇ.എം.എസിന്റെ സ്മരണകൾ നിലനിർത്തുന്നതിനുംപുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകൾ പരിചയപ്പെടുത്തുന്നതിനുമായാണ് ഇ.എം.എസ് സ്മൃതി ഒരുക്കിയിരിക്കുന്നതെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ച  ഹൈടെക്ക് മ്യൂസിയം നിയമസഭ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും അക്കാദമിക് താൽപ്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു.  ഇ എം എസ് നമ്പൂതിരിപ്പാടിന്റെ മകൾ ഇ എം രാധമ്യൂസിയം ഉപദേശക സമിതി ചെയർപേഴ്‌സൺ കെ ബാബു നെന്മാറ എംഎൽഎഎംഎൽഎമാരായ കെ കെ ആബിദ് ഹുസൈൻ തങ്ങൾമുഹമ്മദ് മുഹ്‌സിൻചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻ പിള്ള തുടങ്ങിയവർ സന്നിഹിതരായി. നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ നന്ദി അറിയിച്ചു.

പി.എൻ.എക്സ്. 509/2026

date