അക്ഷരം ആരോഗ്യം' പദ്ധതിക്ക് തുടക്കമായി
പൊതുവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന 'അക്ഷരം ആരോഗ്യം' സ്കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയാണിത്. ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളിലുള്ള ജില്ലയിലെ 61264 കുട്ടികളെ സമഗ്രമായ ഹെല്‍ത്ത് സ്ക്രീനിങ്ങിന് വിധേയമാക്കി മുഴുവന്‍ വിവരങ്ങളും ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന സ്ക്രീനിങ്ങില്‍ കുട്ടികളുടെ പൊതുആരോഗ്യം, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, പഠന വൈകല്യങ്ങള്‍ എന്നിവ പരിശോധിക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ആരോഗ്യ ബ്ലോക്കുകളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പരിശീലനം സംഘടിപ്പിച്ചിരുന്നു. പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം വിദഗ്ധ പരിശോധന ആവശ്യമുള്ള കുട്ടികളെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റെഫര്‍ ചെയ്യും. രക്തഗ്രൂപ്പ്, വാക്സിനേഷന് സ്റ്റാറ്റസ് തുടങ്ങിയ പൊതു വിവരങ്ങളും ഹെല്‍ത്ത് കാര്‍ഡില്‍ രേഖപ്പെടുത്തും.
കൂടാതെ ജില്ലയിലെ മുഴുവന്‍ യു പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായി ശാരീരിക- മാനസിക ആരോഗ്യം, ശരിയായ ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, ലഹരിവിരുദ്ധ ബോധല്‍വല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവയും ലഭ്യമാക്കും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ എല്‍ ഷീജ സെയിന്റ് ജോസഫ്സ് സ്കൂളില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് മാര്‍ഗരറ്റ് അധ്യക്ഷയായി. ജില്ലാ ആര് സി എച്ച് ഓഫീസര്‍ ഡോ. ലിന്‍ഡ ജോസഫ് പദ്ധതി വിശദീകരിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് ശ്രീ. അജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൈമറി സ്കൂള്‍ കുട്ടികളുടെ ആരോഗ്യ സ്ക്രീനിങ്ങും അനുബന്ധമായി നടന്നു.
- Log in to post comments