ജില്ലയുടെ സമഗ്രവികസനം, നഗരാധുനീകരണം മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി വികസനത്തില്‍ കാലിക മാറ്റം വരുത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
കൊല്ലം-ചെങ്കോട്ട, കൊല്ലം-തേനി പാതകളുടെ വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊല്ലം ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നഗരവികസന മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അഷ്ടമുടിക്കായല്‍ മാലിന്യമുക്തമാക്കുന്നതും ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണവും ഉറപ്പാക്കണം. അഷ്ടമുടിയുടെ എട്ടു മുടികളും ബന്ധിപ്പിച്ചുള്ള പാത നിര്‍മിച്ച് വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താം. കണ്ടല്‍ക്കാടുള്ള പ്രദേശങ്ങളില്‍ ജൈവകൃഷി വ്യാപനം പരീക്ഷിച്ചാല്‍ കണ്ടല്‍ സംരക്ഷണത്തോടൊപ്പം സമീപവാസികള്‍ക്ക് ജീവനോപാധി ഒരുക്കാനും സാധിക്കും.
ഗതാഗത കുരുക്കില്‍ നിന്ന് ജില്ലയെ പൊതുവിലും നഗരത്തെ പ്രത്യേകിച്ചും മുക്തമാക്കാനുള്ള പൊതു പദ്ധതികളാണ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടത്. റെയില്‍വെ സ്റ്റേഷന്റെ രണ്ടാം ടെര്‍മിനലിനു സമീപമുള്ള ഭൂമിയില്‍ ബഹുതല വാഹന പാര്‍ക്കിംഗ് സംവിധാനത്തിന്റെ സാധ്യത പരിശോധിക്കാന്‍ ഇന്ന്(ഡിസംബര്‍ 18) റെയില്‍വെ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നഗരത്തില്‍ പൊതു പരിപാടികള്‍ക്കായി പ്രത്യേകം സ്ഥലം കണ്ടെത്താനും നടപടി വേണം. ഒരു വര്‍ഷത്തിനകം നടപ്പിലാക്കാന്‍ കഴിയുന്ന രീതിയിയിലാണ് പദ്ധതികള്‍ വിഭാവനം ചെയ്യേണ്ടത്.
വിനോദ സഞ്ചാര വികസനത്തിന് ഉതകുന്ന വ്യത്യസ്ത പദ്ധതികള്‍ അവതരിപ്പിക്കാനാകണം. കൊല്ലം തോടിന്റെ നവീകരണം സയമബന്ധിതമായി പൂര്‍ത്തിയാക്കി ഇതുവഴി ചരക്കു ഗതാഗതം ഉറപ്പാക്കാം. മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി കര്‍മ്മ പദ്ധതി തയ്യാറാക്കി ജനുവരി അഞ്ചിന് ചേരുന്ന യോഗത്തില്‍ സമര്‍പ്പിക്കണം.
സ്പെയിസ് ആര്‍ട്ട് തയ്യാറാക്കിയ വിനോദസഞ്ചാര മാസ്റ്റര്‍ പ്ലാന്‍ നിര്‍മല്‍ മാത്യു, വിനോദ് സിറിയക്ക് എന്നിവര്‍ അവതരിപ്പിച്ചു. ഇതി•േല്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുന്നത് പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നഗരത്തിലെ ട്രാഫിക് പരിഷ്കരണത്തിനും പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും ടി.കെ.എം എഞ്ചിനീയറിംഗ് കോളജിന്റെ സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എ മാരായ എം. മുകേഷ്, എം. നൗഷാദ്, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, മന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അനില്‍കുമാര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഷ്ടമുടി-പരവൂര്‍ മേഖലകള്‍ ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാര സര്‍ക്യൂട്ട്, കൊല്ലം തുറമുഖത്തിന്റെ ടൂറിസം സാധ്യതകള്‍, ജലകേളീ കേന്ദ്രങ്ങളുടെ വികസനം, മത്സ്യോത്സവത്തിന്റെ സംഘാടനം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്.
(പി.ആര്.കെ. നമ്പര്‍. 2934/18)
- Log in to post comments