Skip to main content

അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പാഠപുസ്തകങ്ങൾ ലഭ്യമാക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി മേഖലയിലെ പരിഷ്‌കരണ പ്രവർത്തനങ്ങളും പൂർത്തിയാവുകയാണെന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പി. ആർ. ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുക. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം 41 ടൈറ്റിൽ പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകി. എല്ലാ ഭാഷാവിഷയങ്ങളുംകമ്പ്യൂട്ടർ സയൻസ്ജേർണലിസംഗാന്ധിയൻ സ്റ്റഡീസ്ഹോം സയൻസ്ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടും. 15 വർഷങ്ങൾക്കുശേഷമാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി മേഖലയിൽ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കുന്നത്. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി. യുടെ പുസ്തകങ്ങളാണ് പരിഷ്‌കരിക്കുന്നത്. എൻ.സി.ഇ.ആർ.ടി. യുടെ 44 ടൈറ്റിൽ പാഠപുസ്തകങ്ങൾ കൂടി നാം ഹയർസെക്കൻഡറിയിൽ ഉപയോഗിക്കുന്നുണ്ട്. ഈ പാഠപുസ്തകങ്ങൾ പുറത്തിറങ്ങിയശേഷം ഏത് രീതിയിൽ ഉൾക്കൊള്ളണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വർഷം എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായി പാഠഭാഗങ്ങൾ നീക്കം ചെയ്തപ്പോൾ വിഷയങ്ങളിൽ അഡീഷണൽ പാഠപുസ്തകങ്ങൾ കേരളം പ്രസിദ്ധീകരിച്ചിരുന്നു.

ഈ പരിഷ്‌കരിച്ച പുസ്തകങ്ങളുടെ പ്രകാശനം താമസിയാതെ മുഖ്യമന്ത്രി നിർവ്വഹിക്കും. ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷകൾ ആരംഭിക്കുന്നതിന് മുമ്പായിതന്നെ പുതുക്കിയ പുസ്തകങ്ങൾ തയ്യാറാക്കി എന്നത് അഭിമാനിക്കാൻ വക നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആകെ 20 ലക്ഷം പുസ്തകങ്ങളാണ് അച്ചടിച്ച് വിതരണം ചെയ്യേണ്ടത്. 

പി.എൻ.എക്സ്. 608/2026

date