Skip to main content

സംസ്ഥാന തദ്ദേശ ദിനാഘോഷം; ബുധനാഴ്ച മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും 

 

സംസ്ഥാന തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയൻ ഗ്രൗണ്ടിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ അധ്യക്ഷനാകും. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി ഇന്ദിര, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, അർബൻ പ്രിൻസിപ്പൽ ഡയറക്ടർ സൂരജ് ഷാജി എന്നിവർ മുഖ്യാതിഥികളാകും. 

കെഎപി നാലാം ബറ്റാലിയൻ വേദി ഒന്നിൽ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി 2.0 എന്ന വിഷയത്തിൽ രാവിലെ 10.15 ന് സെമിനാർ നടക്കും. പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് വിഷയാവതരണം നടത്തും. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് അധ്യക്ഷനാകും. കില ഡയറക്ടർ ജനറൽ എ നിസാമുദ്ദീൻ, കില ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പബ്ലിക് പോളിസി ഡയറക്ടർ ഡോ. എ അശോകൻ, കോഴിക്കോട് ജില്ലാപഞ്ചായത്ത് സെക്രട്ടറി വിമൽരാജ്, മഴവില്ല്, കെ ഡിസ്ക് സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ദുർഗമാലതി എന്നിവർ പാനലിസ്റ്റുകളാകും. തുടർന്ന് തനതുവരുമാനം - സാധ്യതകൾ, ദ്രവമാലിന്യ സംസ്കരണം, പ്രദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. 

വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ ഹാപ്പിനസ്സ് ഫെസ്റ്റ് വേദിയില്‍ കലാ കായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരികോത്സവത്തിൽ ജില്ലാതല കൈകൊട്ടിക്കളി മത്സരം, പ്രദേശിക കലാകാരന്മാരുടെയും ജീവനക്കാരുടെയും കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് ആറുമണി മുതൽ ആന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിമ കല്ലിങ്കൽ അവതരിപ്പിക്കുന്ന മാമാങ്കം ഡാൻസ് ഫ്യൂഷൻ, എട്ട് മണിക്ക് ജോബ് കുര്യന്റെ മ്യൂസിക് ഷോ എന്നിവ അരങ്ങേറും.

date