Skip to main content
കിഫ്‌ബി വഴി  നടപ്പാക്കിയത് ഒരു ലക്ഷം കോടി രൂപയുടെ വികസനം : മുഖ്യമന്ത്രി 

കിഫ്‌ബി വഴി  നടപ്പാക്കിയത് ഒരു ലക്ഷം കോടി രൂപയുടെ വികസനം : മുഖ്യമന്ത്രി 

കിഫ്‌ബി വഴി ഒരുലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്  സംസ്ഥാനത്തൊട്ടാകെ സർക്കാർ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിർമ്മിച്ച ചേരിക്കൽ കോട്ടം പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാ പ്രദേശങ്ങൾക്കും വികസന സ്പർശമേൽക്കാൻ പറ്റണം. എല്ലാവരും വികസനത്തിന്റെ സ്വാദറിയണം. അതാണ് സർവതല സ്പർശിയായ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വികസനം. ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തിന് അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വികസനത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയുക എന്നതല്ല, എല്ലാവരിലേക്കും ആണ് വികസനം എത്തിച്ചേരേണ്ടത്. നമ്മുടെ നാടിന്റെ യാത്രാസൗകര്യം ഇപ്പോൾ  വലിയ തോതിൽ വികസിച്ചു. ഇപ്പോൾ എവിടെ നോക്കിയാലും നല്ല തരത്തിലുള്ള റോഡുകൾ പാലങ്ങൾ എന്നിവ കാണാൻ കഴിയും. എന്നാൽ പത്തുവർഷം മുൻപുള്ള കേരളത്തിന്റെ അവസ്ഥ ഇതായിരുന്നില്ല . നമ്മുടെ നാട്ടിൽ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് യാത്ര ചെയ്യണമെങ്കിൽ ജനങ്ങൾ അനുഭവിക്കേണ്ടിവന്ന വിഷമം എത്രയായിരുന്നു. 10 വർഷം മുൻപുള്ള നാഷണൽ ഹൈവേയുടെ അവസ്ഥ പരിതാപകരം ആയിരുന്നു. മറ്റു റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ വന്നവരടക്കം ഈ ശോചനീയാവസ്ഥ കണ്ട് തിരിച്ചുപോയി. നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്ത് അവരുടെ നിക്ഷേപം നടത്തുന്ന സ്ഥിതി ഉണ്ടായി.  ഇത് മാറ്റിയെടുക്കാൻ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നടപടികൾ സ്വീകരിച്ചു. അതിന്റെ ഭാഗമായി നാഷണൽ ഹൈവേ യഥാർഥ്യമാക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുണ്ടായി.  നാഷണൽ ഹൈവേ വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് മാറ്റം മനസ്സിലാക്കാൻ കഴിയും. പലയിടങ്ങളിലായി നാഷണൽ ഹൈവേയുടെ  ഭാഗങ്ങൾ പൂർത്തിയായിട്ടുണ്ട്. പൂർത്തിയായവ ഉദ്ഘാടനം ചെയ്യണമെന്ന് 2025ന്റെ അവസാനഭാഗത്തിൽ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടു ആവശ്യപ്പെട്ടിരുന്നതാണ് അദ്ദേഹം ചെയ്തു നേരിട്ട് പറയുകയും ചെയ്തു ഇപ്പോൾ ഇപ്പോൾ ഉദ്ഘാടനം ചെയ്യേണ്ട എന്ന് ചിന്തിക്കുന്ന കുറെ പേർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ യാത്രയുടെ സൗകര്യം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗ സൗകര്യത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റം നമ്മുടെ സഞ്ചാരത്തെ മാത്രം വേഗത്തിലാക്കുന്നതല്ല. നമ്മുടെ നാടിന്റെ വികസനത്തിന് സഹായകമാകുന്നതാണ്. നമ്മുടെ നാട് ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപത്തിൽ ഒന്നാം സ്ഥാനത്താണ് നിലനിൽക്കുന്നത്. ഇവിടെ നിക്ഷേപിക്കാൻ തയ്യാറാകുന്നത് രാജ്യത്തിനകത്തുനിന്ന് മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുള്ളവരാണ്. ആ വികസന സാധ്യത നമുക്ക് സാധ്യമാക്കാൻ കഴിഞ്ഞത് സമാന്തര ധനസ്രോതസ്സായി കിഫ്‌ബിയെ ഉയർത്തിക്കൊണ്ട് വരാൻ കഴിഞ്ഞതുകൊണ്ടാണ്.  സ്കൂളുകളും ആശുപത്രികളും പശ്ചാത്തല സൗകര്യ വികസനങ്ങളും വിവിധ തരത്തിലുള്ള പദ്ധതികളും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണപ്പെടലും നടത്താൻ കഴിഞ്ഞു.  എന്നാൽ ഇതെല്ലാം കണ്ട് വിളറി പിടിച്ചവർ കിഫ്‌ബിയെ  തകർക്കാൻ നോക്കി. അത് ഫലം കാണാതായപ്പോൾ  കിഫ്‌ബി വഴി നടത്തിയ വികസനപ്രവർത്തനങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. ഇത്തരം ശ്രങ്ങളെ വികസനത്തിന്റെ ഫലം അനുഭവിക്കുന്ന ജനങ്ങൾ ചെറുത്ത് തോൽപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കിഫ്ബി ധനസഹായത്തോടെ 19 കോടി രൂപ ചെലവിൽ നിർമിച്ച ചേരിക്കൽ–കോട്ടം പാലത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചത് കേരള റോഡ് ഫണ്ട് ബോർഡ്  കണ്ണൂർ ഡിവിഷനാണ്. 225 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

 ഇരുഭാഗങ്ങളിലെയും അപ്രോച്ച് റോഡുകളുടെ നിർമ്മാണവും പൂർത്തിയായി.
പാലം യാഥാർഥ്യമായതോടെ ചേരിക്കൽ പ്രദേശത്തെ ജനങ്ങൾക്ക് കൂത്തുപറമ്പ്–കണ്ണൂർ റോഡിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാകും.

  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഷേർളി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കെ അനുശ്രീ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി ഷീബ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി രമേശൻ, പിണറായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ രാഘവൻ, കെ പ്രേമൻ ഷീന സരേഷ്, കെ. ആർ എഫ്. ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കോയിലേരിയൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി എം അഖിൽ, മുൻ എംഎൽഎ എം.വി. ജയരാജൻ, സി എൻ ചന്ദ്രൻ വി. എ.നാരായണൻ, ടി ഭാസ്കരൻ, എൻ പി താഹിർ, ആർ. കെ.ഗിരിധരൻ, എം ജയപ്രകാശൻ, വി കെ ഗിരിജൻ, വി. സി വാമനൻ, സി ചന്ദ്രൻ, കെ ആർ എഫ് ബി അസിസ്റ്റന്റ് എൻജിനീയർ ടി കെ റോജി എന്നിവർ സംസാരിച്ചു.

date