Skip to main content

കാൻസർ ചികിത്സയിലെ എഐ വിപ്ലവം: ഇന്ത്യ എഐ സമ്മിറ്റ് 2026-ൽ എംസിസിക്ക് അഭിമാന നേട്ടം

രാജ്യത്തെ 10 സ്ഥാപനങ്ങളിൽ ഇടം പിടിച്ച് എഐ ഓങ്കോളജി ഏജന്റ്

എഐ ഉപയോഗിച്ച് കാൻസർ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന രാജ്യത്തെ മികച്ച പദ്ധതികളിൽ ഇടംപിടിച്ച് മലബാർ കാൻസർ സെന്ററും. 'ഇന്ത്യ എഐ നാഷണൽ കാൻസർ ഗ്രിഡ് (NCG) - കൊയ്ത സെന്റർ ഫോർ ഡിജിറ്റൽ ഓങ്കോളജി (KCDO)' സംയുക്തമായി ഏർപ്പെടുത്തിയ ക്യാച്ച് ഗ്രാന്റ് 2026ലാണ് എംസിസി ഇടം പിടിച്ചത്. ആരോഗ്യ രംഗത്തെ എഐ മുന്നേറ്റത്തിന് കരുത്ത് പകരുന്ന എംസിസിയിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എംസിസിയുടെ ഇൻകുബേഷൻ സെന്ററായ മിന്റും (MIINT - Malabar Cancer Centre Incubation Innovation Nest) സഹകരിച്ച് പ്രവർത്തിക്കുന്ന വെല്ലിറ്റിക്സും കൂടി അവതരിപ്പിച്ച പദ്ധതി രാജ്യത്തെ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 'AI Oncology Agent for Evidence-based Summaries, Guideline Support, and Clinical Trial Matching' എന്ന പദ്ധതി ദേശീയ ശ്രദ്ധ നേടി. രോഗികളുടെ ചികിത്സാ വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യാനും ഡോക്ടർമാർക്ക് കൃത്യമായ തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന ഒന്നാണ് എഐ ഓങ്കോളജി ഏജന്റ്.

മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് ഡോക്ടർ അസിസ്റ്റ് എഐ അവതരിപ്പിച്ച 'AI Tools for Advancing Value-Based Care in Oncology' എന്ന പദ്ധതിയും മികച്ച നേട്ടം കൈവരിച്ചു. രാജ്യത്തെ മികച്ച 35 പദ്ധതികളുടെ പട്ടികയിലാണ് ഈ സംരംഭം ഇടംപിടിച്ചത്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സാഫലം ഉറപ്പാക്കുന്ന 'വാല്യൂ ബേസ്ഡ് കെയർ' എന്ന ലക്ഷ്യത്തിലാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.

മെഡ്‌ടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നതിനായി എംസിസിയിൽ സജ്ജീകരിച്ചിട്ടുള്ള ഇൻകുബേഷൻ സംവിധാനമാണ് 'മീന്റ്'. 2025-ൽ സ്ഥാപിതമായ മിന്റ് ആരോഗ്യ മേഖലയിലെ നൂതന ആശയങ്ങളെ പ്രായോഗിക ചികിത്സാ രീതികളുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാലമായി പ്രവർത്തിക്കുന്നു. ക്ലിനിക്കൽ മെന്റർഷിപ്പ്, പ്രായോഗികമായ ക്ലിനിക്കൽ വാലിഡേഷൻ, ആരോഗ്യ മേഖലയിലെ പ്രശ്നപരിഹാരത്തിനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ ഈ സ്ഥാപനം ഉറപ്പാക്കുന്നു. നിലവിൽ, ആരോഗ്യ രംഗത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴ് സ്റ്റാർട്ടപ്പുകൾ മിന്റിന് കീഴിൽ വിജയകരമായി പ്രവർത്തിച്ചു വരുന്നു.

മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി., വെല്ലിറ്റിക്സ് ഡയറക്ടർ ഡോ. ധീരജ് ബി. എന്നിവർ ചേർന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ, ഐ.ടി സെക്രട്ടറി മിസ്റ്റർ കൃഷ്ണൻ എന്നിവരിൽ നിന്നും ഡൽഹി ഭാരത് മണ്ഡപത്തിൽ വെച്ച് ഗ്രാന്റ് ഏറ്റുവാങ്ങി. പദ്ധതികളുടെ മെന്റർമാരായി പ്രവർത്തിക്കുന്ന എംസിസിയിലെ ഫാക്കൽറ്റികളായ ഡോ. ദീപക് റോഷൻ, ഡോ. പ്രവീൺ കുമാർ ഷേണായ് വി.പി, ഡോ. ഗീത എം. എന്നിവരും അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 844/2026

date