ഇന്ത്യാ സ്കിൽസ് ദക്ഷിണമേഖലാ മത്സരം: കേരളത്തിന് മെഡൽ തിളക്കം
വിജയികൾക്ക് കൊച്ചിയിൽ ഉജ്ജ്വല സ്വീകരണം
ഹൈദരാബാദിൽ നടന്ന ഇന്ത്യാ സ്കിൽസ് ദക്ഷിണമേഖലാ മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ കേരളത്തിന്റെ നൈപുണ്യ പ്രതിഭകൾക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി.
രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മത്സരത്തിൽ 29 ഇനങ്ങളിലായി മാറ്റുരച്ച 55 അംഗ കേരള സംഘം സ്വർണ്ണവും വെള്ളിയും വെങ്കലവും ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയാണ് തിരിച്ചെത്തിയത്. സൈബർ സെക്യൂരിറ്റിയിൽ ആർ.എസ് ഹരിശങ്കർ,അർജുൻ എന്നിവരും, ഫ്ലോറിസ്ട്രിയിൽ എസ്.കെ ഹരിനന്ദയും വെബ് ടെക്നോളജീസിൽ അവനീത് ഹരീഷും സ്വർണ്ണ മെഡലുകൾ സ്വന്തമാക്കി. ജോയിനറിയിൽ
ആർ സിദ്ധാർത്ഥ് വെബ് ടെക്നോളജീസിൽ എം.പി ജിഷിത്
എന്നിവർ വെള്ളി മെഡലുകളും, ജ്വല്ലറി വിഭാഗത്തിൽ ഫാത്തിമ സജ വെങ്കല മെഡലും കരസ്ഥമാക്കി.
ഇതിനുപുറമെ ഇലക്ട്രോണിക്സ്, ഗ്രാഫിക് ഡിസൈൻ, ഹെൽത്ത് കെയർ, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ കേരള താരങ്ങൾ 'മെഡല്യൺ ഓഫ് എക്സലൻസിനും' അർഹരായിട്ടുണ്ട്.
സംസ്ഥാന നൈപുണ്യ വികസന മിഷൻ ,വ്യാവസായിക പരിശീലന വകുപ്പ് ,വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം ,സമഗ്ര ശിക്ഷാ കേരളം,എറണാകുളം ജില്ലാ നൈപുണ്യ വികസന സമിതി
എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ വിജയികളെ നേരിട്ടെത്തി സ്വീകരിച്ചു. 13 വ്യത്യസ്ത മേഖലകളിലായി മികവ് തെളിയിച്ച 15-ഓളം വിദ്യാർത്ഥികളാണ് മെഡലുകളുമായി മടങ്ങിയെത്തിയത്.
- Log in to post comments