ഈ മണ്ണ് ഇനി ഞങ്ങളുടേത്: ചാത്തനാട് ഉന്നതിയിലെ 32 കുടുംബങ്ങൾക്ക് പട്ടയമേളയിലൂടെ പുതുജീവിതം
'ഞങ്ങൾക്ക് പ്രായമായി ഇനി എത്രനാൾ ഉണ്ടാകുമെന്ന് അറിയില്ല. ഇത്രയും കാലം ഇവിടെ ജീവിച്ചിട്ടും ഈ ഭൂമിയിൽ ഒരവകാശവുമില്ലാതെ മരിക്കേണ്ടി വരുമോ എന്ന പേടിയായിരുന്നു ഉള്ളിൽ. ഇനി ആ പേടിയില്ല'...
ആലപ്പുഴ വൈഎംസിഎ ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പി പി ചിത്തരഞ്ജൻ എംഎൽഎയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി പുറത്തേക്കിറങ്ങിയ ചാത്തനാട് ഉന്നതി നിവാസികളായ മറിയത്തിന്റെയും സെലീനയുടെയും വാക്കുകളിൽ സന്തോഷം മാത്രമല്ല, ഒരു വലിയ ഭാരം ഇറക്കിവെച്ചതിൻ്റെ ആശ്വാസം കൂടിയുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ടിലേറെക്കാലം സ്വന്തം മണ്ണിൽ അന്യരെപ്പോലെ കഴിഞ്ഞ ആലപ്പുഴ സനാതനം വാർഡ് ചാത്തനാട് ഉന്നതിയിലെ 32 കുടുംബങ്ങൾക്കാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ ജില്ലാതല പട്ടേമേളയിൽ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിച്ചത്.
നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കായി വർഷങ്ങൾക്ക് മുമ്പ് പുറമ്പോക്ക് ഭൂമിയിൽ നിർമ്മിച്ച് നൽകിയ ലൈൻ കെട്ടിടങ്ങളിലായിരുന്നു ഇവരുടെ താമസം. 72 വയസ്സുള്ള പുത്തൻ പുരയ്ക്കൽ മറിയവും 76 വയസ്സുകാരി പള്ളിക്കതയ്യിൽ സെലീനയും 71 വയസ്സുകാരനായ പള്ളിച്ചിറയിൽ ബാബു നിക്കോളാസും ഉൾപ്പെടെയുള്ളവർ ആയുസ്സിന്റെ വലിയൊരു പങ്കും ഈ മണ്ണിലാണ് ചെലവഴിച്ചത്. എന്നാൽ കൈവശരേഖകളില്ലാത്തതിനാൽ വീട് പുതുക്കിപ്പണിയാനോ മറ്റ് സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ഇവർക്ക് സാധിച്ചിരുന്നില്ല. കാൻസർ ബാധിതയായ മറിയത്തിന് ഭർത്താവിന്റെ വേർപാടോടെ ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. കാലപ്പഴക്കത്താൽ തകരാറായ വീട് ഒന്ന് അറ്റകുറ്റപ്പണി ചെയ്യാൻ പോലും രേഖകളില്ലാത്തത് തടസ്സമായി. സെലീനയും ബാബു നിക്കോളാസും ഉൾപ്പെടെയുള്ളവരും സമാനമായ ദുരിതക്കയത്തിലായിരുന്നു. ഒടുവിൽ സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കി സർക്കാർ പട്ടയം അനുവദിച്ചതോടെ എല്ലാവർക്കും പുതിയൊരു ജീവിതമാണ് കൈവന്നത്. പട്ടയം ലഭിച്ചതോടെ ലൈഫ് മിഷൻ ഉൾപ്പെടെയുള്ള ഭവനപദ്ധതികൾ വഴി വീട് പുതുക്കി പണിയാനുള്ള വഴിയും ഇവർക്ക് മുന്നിൽ തെളിഞ്ഞു. വർഷങ്ങളായി അനുഭവിച്ച കഷ്ടപ്പാടുകളോട് വിടപറഞ്ഞ് സ്വന്തം മണ്ണെന്ന അഭിമാനത്തോടെ പുതുജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് ഇനി ചാത്തനാട് ഉന്നതി നിവാസികൾ.
- Log in to post comments