ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച്.പി.വി വാക്സിനേഷന്‍ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന്
ഗര്‍ഭാശയഗള കാന്‍സറിനെതിരെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്ന എച്ച്.പി.വി വാക്സിനേഷന്‍ ക്യാമ്പയിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 28) നടക്കും. 11 മണിക്ക് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. സരിത പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാജ്യവ്യാപകമായി ഇന്ന് ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ 14 വയസ്സുള്ള 29,775 പെണ്‍കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ മരുന്ന് നല്‍കുന്നത്. മൂന്ന് മാസത്തിനകം ഈ പ്രായപരിധിയിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും വാക്സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവില്‍ 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പയിന്‍ വഴി വാക്സിന്‍ നല്‍കുകയും, തുടര്‍ന്ന് വരും വര്‍ഷങ്ങളില്‍ പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ പെണ്‍കുട്ടികള്‍ക്കും കുത്തിവെയ്പ്പ് ഉറപ്പാക്കുകയും ചെയ്യും. ഭാവിയില്‍ ദേശീയ പ്രതിരോധ കുത്തിവെയ്പ്പ് പട്ടികയുടെ ഭാഗമായി ഈ വാക്സിനെ മാറ്റുന്നതോടെ വരുംതലമുറയെ മാരകമായ കാന്‍സര്‍ രോഗങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ സാധിക്കും.
ഗര്‍ഭാശയത്തിന്റെ താഴത്തെ ഭാഗമായ സെര്‍വിക്‌സിനെ ബാധിക്കുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. ലോകമെമ്പാടുമുള്ള ഇത്തരം കേസുകളില്‍ ഭൂരിഭാഗവും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഇതെന്നത് രോഗത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 2022-ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം മുപ്പതിനായിരത്തിലധികം സ്ത്രീകള്‍ ഈ രോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. കൃത്യസമയത്ത് വാക്സിന്‍ എടുക്കുന്നതിലൂടെ 90 ശതമാനത്തിലധികം കേസുകളും തടയാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.
എന്‍.ടി.എ.ജി.ഐയും (National Technical Advisory Group on Immunization) ലോകാരോഗ്യ സംഘടനയും അംഗീകരിച്ച എച്ച്.പി.വി വാക്സിന്‍ 2006 മുതല്‍ ലോകമെമ്പാടും സുരക്ഷിതമായി ഉപയോഗിച്ചുവരുന്നതാണ്. വാക്സിന്‍ സ്വീകരിക്കുന്നതോടെ വൈറസ് ബാധയ്‌ക്കെതിരായ ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഈ സേവനം സൗജന്യമായി ലഭിക്കും. വാക്സിനേഷനായി യു-വിന്‍ (U-WIN) പോര്‍ട്ടല്‍ വഴി രക്ഷിതാക്കള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
- Log in to post comments