കൈറ്റ് ഹരിതവിദ്യാലയം 4.0 : വളയഞ്ചിറങ്ങര ജി.എൽ.പി.എസിന് സ്പെഷ്യൽ ജൂറി അവാർഡ്
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച സംസ്ഥാനത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോയായ 'ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ എറണാകുളം ജില്ലക്ക് അഭിമാന നേട്ടം. പ്രൈമറി വിഭാഗത്തിൽ എറണാകുളം ജില്ലയിലെ വളയഞ്ചിറങ്ങര ഗവൺമെന്റ് എൽ.പി. സ്കൂൾ സ്പെഷ്യൽ ജൂറി അവാർഡിന് അർഹരായി. പാലക്കാട് ജില്ലയിൽ നിന്നുള്ള ഗവൺമെന്റ് ഹൈസ്കൂൾ പോത്തുണ്ടിക്കാണ് ഒന്നാം സ്ഥാനം.
മികച്ച ഭൗതിക സാഹചര്യങ്ങൾക്കൊപ്പം കുട്ടികളുടെ സർഗ്ഗാത്മകത, പൊതുവിജ്ഞാനം, ആശയവിനിമയ ശേഷി എന്നിവ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വളയഞ്ചിറങ്ങര സ്കൂളിനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.സ്പെഷ്യൽ ജൂറി അവാർഡ് നേടിയ വളയഞ്ചിറങ്ങര സ്കൂളിന് 1.68 ലക്ഷം രൂപ വിലമതിക്കുന്ന ഐ.സി.ടി ഉപകരണങ്ങൾ സമ്മാനമായി ലഭിച്ചു. സെക്കൻഡറി തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി ഉപകരണങ്ങളും അവാർഡായി ലഭിച്ചു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത 86 സ്കൂളുകളാണ് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ എത്തിയത്. ഇതിൽ നിന്ന് രണ്ടാം റൗണ്ടിലെത്തിയ 26 സ്കൂളുകളിൽ നിന്നാണ് അവസാന വിജയികളെ നിശ്ചയിച്ചത്. രണ്ട് ലക്ഷത്തോളം കുട്ടികൾ വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായി.
- Log in to post comments