Skip to main content
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എലിപ്പനിക്കെതിരെ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാഹന പ്രചാരണ ജാഥയുടെ ഫ്‌ളാഗ് ഓഫ് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ടി മനോജ്  നിര്‍വഹിക്കുന്നു

എലിപ്പനിക്കെതിരെ ജാഗ്രത വേണം

 

എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.

മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവര്‍ക്കാണ് എലിപ്പനി സാധ്യത കൂടുതല്‍. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏര്‍പ്പെട്ടവര്‍, മീന്‍പിടിത്തക്കാര്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്‌സി സൈക്ലിന്‍ ഗുളിക ആഴ്ചയിലൊരിക്കല്‍ കഴിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കട്ടി കൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം നടത്തണം. കൈകാലുകളില്‍ മുറിവുള്ളവര്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യാതിരിക്കണം. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും എലിപ്പനിയല്ലെന്ന് ഉറപ്പാക്കുകയും വേണം.

ബോധവത്കരണ വാഹന പ്രചാരണ ജാഥക്ക് തുടക്കം

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എലിപ്പനിക്കെതിരെ നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വാഹന പ്രചാരണ ജാഥക്ക് ജില്ലയില്‍ തുടക്കമായി. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ടി മനോജ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. അഡീഷണല്‍ ഡി.എം.ഒ ഡോ. വി പി രാജേഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി ആര്‍ ലതിക, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. നവ്യ ജെ തൈക്കാട്ടില്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date