ജില്ലാ പഞ്ചായത്ത് ബജറ്റ് നവകേരളം സൃഷ്ടിക്കാനുള്ള കാഴ്ചപ്പാട്-ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് *എ മഹേന്ദ്രൻ
നവകേരള സൃഷ്ടി രൂപീകരിക്കാനുള്ള കാഴ്ചപ്പാടാണ് ജില്ലാ പഞ്ചായത്തിനുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക വികസനത്തിന് പുതിയൊരു വെളിച്ചം നൽകാനുള്ള പ്രായോഗിക സുസ്ഥിര-വികസന പദ്ധതിയാണ് നവകേരളം.
സംസ്ഥാന സർക്കാരിന്റെ ലക്ഷ്യബോധത്തോടെയുള്ള മാറ്റങ്ങളുടെ പിന്തുടർച്ചയായി നവകേരളം സൃഷ്ടിക്കപ്പെടുകയാണ്. വരും വർഷങ്ങളിലെ ദീർഘകാല വികസനം മുന്നിൽ കണ്ട് ഈ മാറ്റത്തിന് വെളിച്ചം പകരാനാണ് ജില്ലാ പഞ്ചായത്ത് ബജറ്റ് ലക്ഷ്യം വയ്ക്കുന്നത്. സാംസ്കാരിക രംഗത്ത് സജീവ ഇടപെടലിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രങ്ങളുമായി സംയോജിപ്പിച്ച് ആലപ്പുഴ പെരുമ, ഗ്രാമോത്സവം, കലാകാരന്മാരെ ആദരിക്കൽ, പരമ്പരാഗത കലകൾക്ക് പരിഗണന എന്നീ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. ജന്റർ സൗഹൃദ ജില്ലയായി ആലപ്പുഴ മാറ്റും. മത്സ്യസമ്പത്ത് വർദ്ധിപ്പിച്ച്, സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും. റോഡ് നവീകരണത്തിന് നൂതന രീതി ആവിഷ്കരിക്കും. ഗ്രാമീണ റോഡുകളുടെ സമഗ്ര വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി ആവിഷ്ക്കരിക്കും. ജില്ലയിലെ ടൂറിസം പദ്ധതിക്ക് രൂപം നൽകി ദേശീയ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നും കഴിഞ്ഞ കാലങ്ങളിൽ ജില്ലാ പഞ്ചായത്തും തദ്ദേശസ്ഥാപനങ്ങളും ആവിഷ്കരിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Log in to post comments