പീച്ചി ഗവ. ഐടിഐക്ക് പുതിയ കെട്ടിടം ഉയരുന്നു
പീച്ചി ഗവ. ഐടിഐ പുതിയ കെട്ടിടം നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. പീച്ചി ഐ ടി ഐ എന്നത് കുറച്ച് കാലമായുള്ള ആവശ്യമാണെന്നും പീച്ചിയെ ജില്ലയിലെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന് എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തണമെന്ന ആലോചനയിൽ നിന്നാണ് ഇതിലേക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലേക്കും എത്തിയതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരുമായി നടത്തിയ യോഗത്തെ കുറിച്ചും പദ്ധതിയുടെ നാൾവഴികളെ കുറിച്ചും മന്ത്രി സംസാരിച്ചു. പീച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലും എൽ പി സ്കൂളിലും നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. വ്യവസായിക പരിശീലന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ഷൈൻകുമാർ സ്വാഗതവും പീച്ചി ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ പി.എച്ച് രഹന നന്ദിയും പറഞ്ഞു.
സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് ഏക്കറിൽ ഏഴു കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
2026ലെ ബജറ്റിൽ 15 കോടി രൂപ കൂടി തുടർ നിർമാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ ഹോസ്റ്റൽ സൗകര്യങ്ങളോടു കൂടിയ ഐടിഐ ആയി പീച്ചി മാറും.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സാവിത്രി സദാനന്ദൻ, സ്വപ്ന രാധാകൃഷ്ണൻ, സി. കെ കൃപ, കെ. കെ സുബ്രഹ്മണ്യൻ, ശിവ പ്രശോഭ്, ജിജി എം മാധവൻ, മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി രവീന്ദ്രൻ, അഡീഷണൽ ഡയറക്ടർ ഓഫ് ട്രെയിനിങ് പി വാസുദേവൻ, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ആനീസ് സ്റ്റെല്ല ഐസക്ക്, ചാലക്കുടി ഗവ . ഐ ടി ഐ പ്രിൻസിപ്പാൾ സിന്ധു പോൾ, പി.ടി.എ പ്രസിഡന്റ് സജി ആൻഡ്രൂസ്, പീച്ചി ഗവ. ഐ ടി ഐ ട്രെയിനീസ് കൗൺസിൽ ചെയർപേഴ്സൺ ഇ. ജെ സൂര്യ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജിനേഷ് പീച്ചി, വി.സി.സുജിത്ത്, സി. വി ജോസ് കുട്ടി, രാജു പാറപ്പുറം തുടങ്ങിയവർ സംസാരിച്ചു. അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments