Skip to main content

ജില്ലയുടെ വഴിത്താരകളിൽ ഓർമ്മ പുതുക്കാനൊരുങ്ങി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

എറണാകുളത്തിൻ്റെ കളക്ടറായിരുന്ന കാലത്ത് താൻ  സഞ്ചരിച്ച വഴിത്താരകളും, സായാഹ്നങ്ങൾ ചിലവഴിച്ച കടൽ തീരവും, പണികഴിച്ച പാലങ്ങളും നടന്നുകണ്ട് ഓർമ്മ പുതുക്കാൻ ഒരുങ്ങി രാജ്യത്തിൻ്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. 

ഈ സഹസ്രാബ്ദത്തിന്റെ തുടക്കകാലത്ത് മുപ്പത്തിയാറ് മാസം ജില്ലയുടെ കളക്ടർ ആയിരുന്നു  ഗ്യാനേഷ്‌ കുമാർ (2001 ജൂൺ എട്ട് മുതൽ 2004 ജൂലൈ 16 വരെ). ഇക്കാലയളവിൽ താൻ രൂപം കൊടുത്തതും തുടങ്ങിവച്ചതും പൂർത്തിയാക്കിയതുമായ വികസന പദ്ധതികൾ ഒരിക്കൽക്കൂടി കാണാൻ  താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അദ്ദേഹത്തിൻ്റെ കേരള സന്ദർശന വേളയിൽ ഇതിനായി അവസരം ഒരുക്കുന്നത്. 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ  മാർച്ച് അഞ്ചിന് കൊച്ചിയിൽ എത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തുടർന്നുള്ള രണ്ടു ദിവസങ്ങളിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ്  ഓഫീസർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ, കന്നി വോട്ടർമാർ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തും. ഇതിൻ്റെ ഇടവേളകളിലാണ്  സന്ദർശനങ്ങൾക്കായി അദ്ദേഹം സമയം കണ്ടെത്തുക. 

വൈപ്പിൻ ദ്വീപ് ജനതയെ നഗരത്തോടടുപ്പിക്കുകയും കൊച്ചിയെ കൂടുതൽ വിശാലമാക്കുകയും ചെയ്‌ത 'ഗോശ്രീ' പാലങ്ങളാണ് അദ്ദേഹത്തിൻ്റെ  ഏറ്റവും അഭിമാനകരമായ നേട്ടം.  ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത് രണ്ടു മാസത്തിനുള്ളിൽ പാലം നിർമ്മാണം തുടങ്ങാനും സ്ഥാനമൊഴിയുന്നതിന് ഒരുമാസം മുൻപ് ഉദ്ഘാടനം നടത്താനും കഴിഞ്ഞു. പാലം നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചതിനു പുറമെ സമയബന്ധിതമായി പണി പൂർത്തിയാക്കാനും കഴിഞ്ഞു.

ജീർണാവസ്‌ഥയിലുള്ള കെട്ടിടം പൊളിച്ച് ആധുനിക സജ്ജീകരണങ്ങളോടെ എറണാകുളം ജനറൽ ആശുപത്രിക്ക് പുതിയ സമുച്ചയം നിർമ്മിച്ചതും, ദർബാർ ഹാൾ ഗ്രൗണ്ട് പുനരുദ്ധാരണവും, പഴയകാല പ്രൗഢിയിലേക്ക് മഹാരാജാസിനെ  വീണ്ടെടുത്തതും,  ചെറായി ബീച്ചിനെ വൃത്തിയും സൗകര്യവുമുള്ള ഒരു കടൽത്തീരമാക്കി മാറ്റിയതും  ഗ്യാനേഷ്  കുമാറിൻ്റെ നേട്ടങ്ങളാണ് .

ചീനവലപ്പാലവും റോയൽ മ്യൂസിക്കൽ വാക്ക് വേയും ഇപ്പോഴും സിനിമകളിലെ മിന്നുന്ന താരങ്ങളാണ്.  കുട്ടികളുടെ പാർക്ക് പുനരുദ്ധരിച്ചതിനു പുറമെ മ്യൂസിക്കൽ ഫൗണ്ടനും ബോട്ടിങ്ങിനായി കുളവും ഒരുക്കിയതും അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലാണ്. 

മൂന്ന് ദിവസത്തെ സന്ദർശനത്തിനിടയിൽ ഗോശ്രീ പാലം, ദർബാർ ഹാൾ ഗ്രൗണ്ട്, മറൈൻഡ്രൈവ്, ചീനവല പാലം, ചെറായി ബീച്ച്, മ്യൂസിക്കൽ വാക്ക് വേ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ സന്ദർശനം നടത്തുകയും കന്നി വോട്ടർമാരുമായും മാധ്യമപ്രവർത്തകരുമായും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. 

രണ്ടു ദശാബ്ദക്കാലം പുറകിലോട്ടുള്ള ഓർമ്മകളിലേക്കുള്ള തിരിച്ചുനടത്തം അദ്ദേഹത്തിന് ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാക്കി മാറ്റനാണ് ജില്ലാ ഭരണകൂടം തയ്യാറെടുക്കുന്നത്.

date