പാണ്ഡ്യാലക്കടവ് പാലം യാഥാര്‍ഥ്യമാകുന്നു; 59.94 കോടിയുടെ പദ്ധതിക്ക് ടെണ്ടര്‍ പൂര്‍ത്തിയായി
തീരദേശ ഹൈവേയുടെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പാണ്ഡ്യാലക്കടവ് പാലത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വലിയപറമ്പ് പഞ്ചായത്തിനെയും പയ്യന്നൂര്‍ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് ഈ സ്വപ്ന പദ്ധതി. കിഫ്ബിയില്‍ നിന്നും 59.94 കോടി രൂപ വകയിരുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്.
പാലം യാഥാര്‍ഥ്യമാകുന്നതോടെ വലിയപറമ്പ് ഉള്‍പ്പെടുന്ന തീരദേശ മേഖലയില്‍ വികസന കുതിപ്പിനും ടൂറിസം മുന്നേറ്റത്തിനും ഇത് വഴിതുറക്കും. തീരദേശ നിവാസികളുടെ ദീര്‍ഘനാളത്തെ യാത്രാദുരിതത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാകുന്നത്.
പൈല്‍ ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഈ പാലത്തിന് ആകെ 445.30 മീറ്റര്‍ നീളമാണുള്ളത്. പൈല്‍ ക്യാപ്പിനു മുകളിലായി പിയറുകളും പിയര്‍ ക്യാപ്പുകളും നിര്‍മ്മിക്കും. ആകെ 12 സ്പാനുകളാണ് പാലത്തിനുണ്ടാകുക. ഇതില്‍ മധ്യഭാഗത്തായി വരുന്ന 55.80 മീറ്റര്‍ നീളമുള്ള സ്പാന്‍, ജലഗതാഗതത്തിന് ആവശ്യമായ ക്ലിയറന്‍സ് നല്‍കി ബോക്സ് ഗേര്‍ഡര്‍ മാതൃകയിലാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ളവ പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗേര്‍ഡര്‍ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ആകെ 15.70 മീറ്റര്‍ വീതിയുള്ള പാലത്തില്‍ 7.00 മീറ്റര്‍ വീതിയിലാണ് പ്രധാന പാത (ക്യാരേജ് വേ) നിര്‍മ്മിക്കുന്നത്. ഇതിന് പുറമെ ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ പെയ്വ്ഡ് ഷോള്‍ഡറുകളും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും പാലത്തിന്റെ ഒരു വശത്തായി 1.80 മീറ്റര്‍ വീതിയില്‍ സൈക്കിള്‍ ട്രാക്കും ഒരുക്കും. സൈക്കിള്‍ ട്രാക്കും വിശാലമായ നടപ്പാതയും ഉള്‍പ്പെടെ അത്യാധുനിക നിലവാരത്തിലാണ് പാണ്ഡ്യാലക്കടവ് പാലം വിഭാവനം ചെയ്തിരിക്കുന്നത്.
- Log in to post comments