ജില്ലാതല അറിയിപ്പുകള്‍
സോളാര്‍ പ്ലാന്റ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 12ന്
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന സോളാര്‍ പ്ലാന്റ് പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി മാര്‍ച്ച് 12ന് രാവിലെ 10.30ന് രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.എം അഖില്‍ അധ്യക്ഷനാകും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഡോ.വി ശിവദാസന്‍ എം പി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പരിപാടിയോടനുബന്ധിച്ച് അന്നേദിവസം സ്പോര്‍ട്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കും.
അധ്യാപക ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് പട്ടുവത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ ഹിന്ദി, എച്ച്.എസ്.എ മലയാളം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 15ന് വൈകീട്ട് അഞ്ചിനകം കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: ഐ.ടി.ഡി.പി. കണ്ണൂര്‍ - 0497 2700357
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
തോട്ടട കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് ഡിഗ്രിയോടൊപ്പം ഒരു വര്‍ഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയം /ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/എന്‍ എ സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുള്ള പൊതുവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 13ന് രാവിലെ 10.30ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972835183
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പുരുഷന്‍) പാര്‍ട്ട് ഒന്ന് -ഡയറക്ട് (കാറ്റഗറി നമ്പര്‍ 307/2023) തസ്തികയുടെ റാങ്ക് പട്ടികയുടെ കാലാവധി 2026 ഫെബ്രുവരി 21ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാല്‍ ഫെബ്രുവരി 22 മുതല്‍ ഈ റാങ്ക്പട്ടിക പൂര്‍വാഹ്നം റദ്ദാക്കിയതായി കെ.പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കരാര്‍ നിയമനം
ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്‌സ് സെന്റര്‍ കേരളയില്‍ ഐ.സി.എം.ആര്‍ പ്രൊജക്റ്റിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്റ്റ് റിസേര്‍ച്ച് സൈന്റിസ്റ്റ് - രണ്ട് തസ്തികയിലേക്ക് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 18നകം ഗൂഗിള്‍ ഫോം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ shsrc.kerala.gov.in ല്‍ ലഭിക്കും.
- Log in to post comments