Skip to main content

ഈറ്റ് റൈറ്റ് കേരള ബോധവത്ക്കരണ പരിപാടി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

സംസ്ഥാനഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഈറ്റ് റൈറ്റ് കേരള' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള ആനത്തലവട്ടം ആനന്ദൻ സ്മാരക ഹാളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ഫാസ്റ്റ്ഫുഡ് സംസ്കാരം വളർന്നുവരുന്ന ഇന്നത്തെ കാലത്ത് ആരോഗ്യകരമായ സമൂഹത്തെ വാർത്തെടുക്കുകയെന്നത് പ്രധാനമാണെന്ന് എംഎൽഎ പറഞ്ഞു. ഭക്ഷണരീതികളിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമിടയിൽ ശക്തമായ പ്രചാരണവും ബോധവത്ക്കരണ പരിപാടികളും നടത്തേണ്ടതുണ്ട്. ജനങ്ങൾ ആരോഗ്യവാന്മാരായി ഇരിക്കാൻ ആവശ്യമായ നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് കൃത്യമായി സ്വീകരിച്ചുവരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.

സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണസംസ്കാരം പ്രോത്സാഹിപ്പിക്കാനും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും 'ഈറ്റ് റൈറ്റ് കേരള - സേഫ് ഫുഡ്‌ ഫോർ ബെറ്റർ ലൈഫ്' പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം റീജിയണൽ ഈറ്റ് റൈറ്റ് ഇൻഷ്യേറ്റീവ് 2026 സംഘടിപ്പിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള പരിപാടിയുടെ ഭാഗമായി വാക്കത്തോൺ, ഫ്ലാഷ് മൊബ്, സെമിനാറുകൾ, ഈറ്റ് റൈറ്റ് മേള, മില്ലറ്റ് പാചക മത്സരം തുടങ്ങിയവയും നടക്കും.

ചടങ്ങിൽ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ എൻ അനിൽകുമാർ അധ്യക്ഷനായി. 'ആരോഗ്യകരമായ ജീവിതശൈലി ഭക്ഷണക്രമത്തിലൂടെ' എന്ന വിഷയത്തിൽ ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ അരുൺ ബട്ട് സെമിനാർ നയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ വൈ ജെ സുബിമോൾ, ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് രഞ്ജിത്ത്, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ സുമറാണി, വയനാട് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ലീന ഡെന്നീസ്, ആലപ്പുഴ കെഎച്ച്ആർഎ പ്രസിഡന്റ്‌ ബി നാസർ, ആലപ്പുഴ ബേക്ക്‌ പ്രസിഡന്റ്‌ കെ എം ജോളിച്ചൻ, ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ വി രാഹുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു. വ്യാഴാഴ്ച്ച രാവിലെ 10.30 ന് 'ഭക്ഷണവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും.

date