ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കും: മന്ത്രി പി പ്രസാദ്
*തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പിൽഗ്രിം അമിനിറ്റി സെന്റർ ശിലാസ്ഥാപനം മന്ത്രി നിർവ്വഹിച്ചു
ചേർത്തലയെ തീർത്ഥാടന ടൂറിസത്തിന്റെ ഹബ്ബാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്കായി രണ്ട് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി വലിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്കരിക്കുന്നത്. തിരുവിഴ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് ഒരുക്കുന്നത്. കേവലം കെട്ടിടം നിർമ്മിക്കുക മാത്രമല്ല ഭക്തർക്കാവശ്യമായ വിശ്രമ സൗകര്യങ്ങൾ, വൈദ്യുതി, വെള്ളം ഉൾപ്പെടെയുള്ള മറ്റ് ക്രമീകരണങ്ങൾ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. ചേർത്തല മണ്ഡലത്തിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പിൽഗ്രിം ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ആദ്യ സംരംഭമാണിതെന്നും ക്ഷേത്ര സമിതിക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഇല്ലാത്ത രീതിയിലാണ് പദ്ധതി പൂർത്തിയാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഐതിഹ്യമാലയിലെ കഥകൾകൊണ്ടും പൗരാണിക പാരമ്പര്യംകൊണ്ടും പ്രശസ്തമായ തിരുവിഴ ക്ഷേത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കെഐഐഡിസിയുടെ നേതൃത്വത്തിൽ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ഉടൻതന്നെ ജനങ്ങൾക്ക് തുറന്നുനൽകുമെന്നും മന്ത്രി പറഞ്ഞു.
ചേർത്തല തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് രണ്ട് കോടി രൂപ ചെലവിൽ തീർത്ഥാടന ടൂറിസം സെന്റർ വിഭാവനം ചെയ്തത്. ക്ഷേത്രത്തിലെ വിവിധ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തുന്ന തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള അമിനിറ്റി സെന്റർ നിർമ്മിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള 26 സെന്റ് ഭൂമിയിൽ 420.17 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഗ്രൗണ്ട് ഫ്ലോറും സ്റ്റെയർ റൂമും അടങ്ങുന്ന കെട്ടിടമാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്. അറ്റാച്ച്ഡ് ടോയ്ലറ്റ് സൗകര്യമുള്ള 11 ഡബിൾ ബെഡ്റൂമുകൾ, ലാൻഡ്സ്കേപ്പിംഗ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, തെരുവ് വിളക്കുകൾ, സുരക്ഷാ കാമറകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. ഭാവിയിൽ കെട്ടിടം വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തീർത്ഥാടകർക്ക് മെച്ചപ്പെട്ട താമസസൗകര്യം ലഭിക്കുകയും പ്രദേശത്തെ ടൂറിസം-സാമ്പത്തിക മേഖലകളിൽ വലിയ ഉണർവുണ്ടാവുകയും ചെയ്യും.
ചടങ്ങിൽ ദേവസ്വം പ്രസിഡന്റ് ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കരുവ മോഹൻ, കെഐഐഡിസി ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൻബാബു, ദേവസ്വം കമ്മറ്റി അംഗം പി രാധാകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments