ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ എച്ച് ആർ ഡി ) കീഴിൽ എറണാകുളം (കലൂർ, കപ്രാശ്ശേരി), മലപ്പുറം (വാഴക്കാട്, വട്ടംകുളം, പെരിന്തൽമണ്ണ), കോട്ടയം (പുതുപ്പള്ളി), ഇടുക്കി (മുട്ടം, തൊടുപുഴ), പത്തനംതിട്ട (മല്ലപ്പള്ളി) എന്നീ ജില്ലകളിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ എട്ടാം സ്റ്റാൻഡേർഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം സ്റ്റാൻഡേർഡോ തത്തുല്യ പരീക്ഷയോ വിജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ 2026 ജൂൺ 1-ന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഇംഗ്ലീഷ് മീഡിയത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളുകളിൽ ഹൈസ്കൂൾ പഠനത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉപരിപഠനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് കരിക്കുലം തയ്യാറാക്കിയിരിക്കുന്നത്.
താത്പര്യമുള്ളവർക്ക് ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷൻ ഫീസായ 115 രൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 60 രൂപ) സ്കൂൾ അക്കൗണ്ടിലോ നേരിട്ടോ അടയ്ക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷകൾ ഏപ്രിൽ 15-ന് വൈകുന്നേരം 4 മണി വരെയും, സ്കൂളുകളിൽ നേരിട്ടുള്ള അപേക്ഷകൾ ഏപ്രിൽ 16 വരെയും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
- Log in to post comments