200 മീറ്റർ നിരോധിത ഫ്ലെക്സ് വസ്തുക്കൾ പിടികൂടി
തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ നിരോധിത ഫ്ലെക്സ് മെറ്റീരിയൽസ് (പോളിസ്റ്റർ ) പിടികൂടി. മുതുകുളം പഞ്ചായത്തിന് കീഴിൽവരുന്ന അപ്പാസ് മീഡിയ സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് 200 മീറ്റർ നിരോധിത ഫ്ലെക്സ് മെറ്റീരിയൽസ് പിടികൂടിയത്. ഇവ ജില്ലാ സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ കണ്ടുകെട്ടുകയും പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. മലനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുള്ള ക്യു ആർ കോഡ് പതിപ്പിച്ച പോളി എത്തിലിൻ ഫ്ലെക്സ് മെറ്റീരിയൽസ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു.
മലനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ അമൽ വിൽസൺ സ്ക്വാഡിന് നേതൃത്വം നൽകി. മുതുകുളം ബ്ലോക്ക് അസിസ്റ്റന്റ് സെക്രട്ടറി കെ ബിജു, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ അഡ്വ. അവിനാഷ് അരുൺ, കെ കെ ജ്യോതി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ പി ബി അഖിൽ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എം ബി നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. നിയമസഭ തിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടറും ജില്ലാ കോ ഓർഡിനേറ്ററുമായ ഡി ഷിൻസ് അറിയിച്ചു.
- Log in to post comments