Skip to main content

കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയ്ക്ക് പുതിയ ഒ.പി ബ്ലോക്ക്

കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ഗവ.ആയുർവേദ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി  വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. നാഷണൽ ആയുഷ് മിഷന്റെ ഒരു കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബ്ലോക്ക് നിർമ്മിച്ചത്.

ഇതോടൊപ്പം 15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന 50 കിടക്കകളുള്ള ഇന്റഗ്രേറ്റഡ് ആശുപത്രിയുടെയും പരമ്പരാഗത ഔഷധ പഠന കേന്ദ്രത്തിന്റെയും കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ആയുഷ് മേഖലയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മേഖലയിൽ 252 പുതിയ തസ്തികകൾ സൃഷ്ടിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

200 കോടി രൂപ ചെലവിൽ രാജ്യാന്തര ആരോഗ്യ ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കുന്നതും ഉടുമ്പൻ ചോലയിൽ പുതിയ ആയുർവേദ കോളേജ് ആരംഭിച്ചതും വലിയ നേട്ടങ്ങളാണ്. പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയെ സംരക്ഷിക്കുന്നതിനായി കോട്ടൂരിൽ പാരമ്പര്യ വൈദ്യ പഠന കേന്ദ്രം സ്ഥാപിച്ചത് ഈ രംഗത്തെ സുപ്രധാന ചുവടുവെയ്പ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജി.സ്റ്റീഫന്റെ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുട്ടിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ ജയൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഗായത്രി ആർ. എസ്, തിരുവനന്തപുരം ഡിഎംഒ മിനി എസ് പൈ തുടങ്ങിയവർ പങ്കെടുത്തു.

date