നിയമസഭാ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളുടെ നിരീക്ഷണത്തിനായി സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ രൂപീകരിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് (എസ്.എസ്.ടി) ടീമുകള്‍ രൂപീകരിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളും അനാവശ്യ ചെലവുകളും തടയുന്നതിനായാണ് സ്ക്വാഡുകള്‍ രൂപീകരിച്ചത്. ജില്ലയിലെ 12 മണ്ഡലങ്ങളിലായി 38 ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പണം, മദ്യം, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ പ്രധാന ചുമതല. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് പദവി നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഓരോ സ്ക്വാഡിന്റെയും പ്രവര്‍ത്തനം. തദ്ദേശസ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഓരോ ടീമിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് വീതം സ്ക്വാഡുകളും ചിറ്റൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ആറ് സ്ക്വാഡുകള്‍ വീതവുമായാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ മേഖലയിലും 24 മണിക്കൂറും നിരീക്ഷണം ഉണ്ടാവും. പരിശോധനകള്‍ സുതാര്യമാക്കുന്നതിനായി ഓരോ സംഘത്തോടൊപ്പവും വീഡിയോ ഗ്രാഫര്‍മാരുടെ സേവനവും ഉണ്ടാകും. മതിയായ രേഖകളില്ലാതെ പണമോ മറ്റ് സാധനങ്ങളോ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിടിച്ചെടുക്കാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സ്ക്വാഡിന് അധികാരമുണ്ട്. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വസ്തുക്കളും പണവും വിട്ടുകൊടുക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക നടപടിക്രമങ്ങളും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസവും നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിനും കൃത്യമായി കൈമാറണം. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്കായിരിക്കും ഈ സ്ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതല.
തിരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാന്‍ സ്ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, വിവിധ തരത്തിലുള്ള സമ്മാനങ്ങളോ സൗജന്യ ഭക്ഷണമോ നല്‍കുക തുടങ്ങിയ നിയമവിരുദ്ധമായ പ്രലോഭനങ്ങള്‍ കണ്ടെത്താന്‍ സ്ക്വാഡുകള്‍ അതീവ ജാഗ്രത പാലിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കടുത്ത കുറ്റകൃത്യങ്ങളാണ്. വോട്ടര്‍മാരുടെ സ്വതന്ത്രമായ വോട്ടവകാശത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഭീഷണികളോ പ്രലോഭനങ്ങളോ ഇല്ലാതാക്കി സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
- Log in to post comments