Skip to main content

കവ്വായി പാലം പുനർ നിർമിക്കുന്നതിന്  9.96 കോടി രൂപയുടെ ഭരണാനുമതി

 

പയ്യന്നൂർ നഗരസഭയിലെ കവ്വായി പാലം പുനർ നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 9.96 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ടി ഐ മധുസൂദനൻ എംഎൽഎ അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ കായലുകളിൽ ഒന്നായ കവ്വായി കായലിലാണ് കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്നത്. നഗരസഭയിലെ രണ്ട് വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണിത്.

സംസ്ഥാന സർക്കാർ മലബാർ റിവർ ക്രൂയിസം പദ്ധതിയുടെ ഭാഗമായി 5.25 കോടി രൂപ ചെലവിൽ കായലോരത്ത് ബോട്ട് ടെർമിനൽ നിർമ്മിച്ചിട്ടുണ്ട്. കൊറ്റി മേൽപ്പാലം മുതൽ കവ്വായി ബോട്ട് ജെട്ടി വരെയുള്ള റോഡ് 5.20 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത് അടുത്ത കാലത്താണ്. നിരവധിയായ വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന കവ്വായിലേക്കുള്ള പാലം പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ടി ഐ മധുസൂദനൻ എം എൽ എ നടത്തിയ നിരന്തര ഇടപെടലിലാണ് ഇപ്പോൾ സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. 74 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുക. ഒന്നര മീറ്റർ വീതം ഇരുഭാഗങ്ങളിലും നടപ്പാതയോടെ 11 മീറ്റർ വീതിയാണ് പാലത്തിനുണ്ടാവുക. നാലിടങ്ങളിൽ വ്യൂ പോയിന്റുകളും ഒരുക്കും. ബോട്ടുകൾക്ക് കടന്നു പോകാനാവും വിധം ഉയർത്തിയാണ് പാലം നിർമ്മിക്കുക.

date