നിയമസഭാ തെരഞ്ഞെടുപ്പ്: ഹരിത പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി
കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026, പൂര്‍ണ്ണമായും ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിനും ഇലക്ഷന്‍ പ്രചരണം പരിസ്ഥിതി സൗഹാര്‍ദ്ദമാക്കുന്നതിനുമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ. ആതിര പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തിപ്പ് മാര്‍ഗ്ഗരേഖകള്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്ന ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, ചുവരെഴുത്തുകള്‍, സ്റ്റിക്കറുകള്‍ എന്നിവ നിര്‍മ്മിക്കുമ്പോള്‍ പി.വി.സി, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങിയ പുനഃചംക്രമണം സാധ്യമല്ലാത്ത പ്ലാസ്റ്റിക് സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കണം. പകരം റീസൈക്കിള്‍ ചെയ്യാവുന്ന പോളിഎത്തലീന്‍ അല്ലെങ്കില്‍ കോട്ടണ്‍ ഉപയോഗിച്ച പി.വി.സി. ഫ്രീ ബാനറുകള്‍ മാത്രം ഉപയോഗിക്കണം. പ്രചാരണ അലങ്കാരങ്ങളായ കൊടിതോരണങ്ങളും പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണം, കണ്‍വെന്‍ഷനുകള്‍, റോഡ് ഷോകള്‍, യോഗങ്ങള്‍, റാലികള്‍ തുടങ്ങിയവയില്‍ നിരോധിച്ച പ്ലാസ്റ്റിക്, ഡിസ്പോസബിള്‍ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം. പ്രചാരണ പരിപാടികളില്‍ ശബ്ദ മലിനീകരണം ഒഴിവാക്കാന്‍ നിയമവിധേയമായി മാത്രം ലൗഡ് സ്പീക്കര്‍, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം എന്നിവ ഉപയോഗിക്കുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം.
പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന സെന്ററുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം. ശേഖരിച്ച മാലിന്യങ്ങള്‍ സര്‍ക്കാര്‍/ശുചിത്വ മിഷന്‍ അംഗീകൃത ഹരിതകര്‍മ്മസേനയിലേക്കോ ഏജന്‍സികളിലേക്ക് കൈമാറണം.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിക്കുന്ന താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസുകളിലും പ്രചാരണ ബൂത്തുകളിലും പരിസ്ഥിതി സൗഹൃദവും പുനഃചംക്രമണം ചെയ്യാവുന്നതുമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം. അവിടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ഹരിതകര്‍മ്മസേനയിലേക്കോ സര്‍ക്കാര്‍/ശുചിത്വ മിഷന്‍ അംഗീകൃത ഏജന്‍സികളിലേക്കോ യൂസര്‍ ഫീ സഹിതം കൈമാറണം.
പൊതു തെരഞ്ഞെടുപ്പു കാലയളവില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതു സംബന്ധിച്ച നോഡല്‍ ഓഫീസര്‍ ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരിക്കും. ഈ വിഷയത്തില്‍ നിലവിലുള്ള നിയമത്തിലെ വ്യവസ്ഥകളും കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളും സര്‍ക്കാരിന്റെയും ചീഫ് ഇലക്ടറല്‍ ഓഫീസറുടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എല്ലാ സ്ഥാനാര്‍ത്ഥികളും വ്യക്തികളും രാഷ്ട്രീയ കക്ഷികളും പാലിക്കണം.
യോഗത്തില്‍ ശുചത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ സിറാജുദ്ദീന്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ അമല്‍ പ്രസാദ് , എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അബ്ദുല്‍ ഗഫൂര്‍, രാഷ്ട്രീയ പ്രതിനിധികള്‍ ഫ്ലെക്സ് പ്രിന്റിങ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments