കുസാറ്റ് മെട്രോ സ്റ്റേഷന് സമീപവും അപ്പോളോ ജംഗ്ഷനിലും പെലിക്കൻ ക്രോസ് സ്ഥാപിച്ചു
കുസാറ്റ് മെട്രോ സ്റ്റേഷന് സമീപവും അപ്പോളോ പ്രീമിയർ ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച പെലിക്കൻ ക്രോസ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'യാത്രികർക്കൊപ്പം' എന്ന പദ്ധതിയുടെ ഭാഗമായാണ് പെലിക്കൻ ക്രോസ് സംവിധാനം സജ്ജമായിരിക്കുന്നത്.
നേരത്തെ ആര്യാസ് ജംഗ്ഷനിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പ്രോജക്റ്റിന് ശേഷമാണ് ഇപ്പോൾ കുസാറ്റിലും അപ്പോളോ ജംഗ്ഷനിലും പെലിക്കൻ ക്രോസ്സുകൾ സ്ഥാപിച്ചത്. നഗരത്തിൽ റൗണ്ട് എബൗട്ട് സംവിധാനം നിലവിൽ വരികയും സിഗ്നലുകൾ ഒഴിവാക്കുകയും ചെയ്തതോടെ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലത്തിലെ പത്തിടങ്ങളിൽ പ്രാഥമികമായി ഇത് നടപ്പിലാക്കും. തുടർന്ന് നൂറോളം കേന്ദ്രങ്ങളിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ പെലിക്കൻ ക്രോസ്സുകൾ സ്ഥാപിക്കുമെന്നും ഗതാഗത മേഖലയിൽ പുതിയൊരു സംസ്കാരം കൊണ്ടുവരാൻ ഈ പരിഷ്കാരം സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments