Skip to main content

എറണാകുളം ജില്ലയിൽ പാചകവാതക വിതരണത്തിന് തടസ്സമില്ല; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

എറണാകുളം ജില്ലയിൽ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. പാചക വാതക ഏജൻസി പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ, ഉപഭോക്തൃ കാര്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ പാചകവാതക വിതരണം സുഗമമായി തുടരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും  ഗാർഹിക ആവശ്യ സിലിണ്ടറുകളുടെ വിതരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നും ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ടെന്നും ജില്ലാ കളക്ടർ യോഗത്തിന് ശേഷം അറിയിച്ചു.

​അടുത്ത 25 ദിവസത്തെ ബുക്കിംഗിന് ആവശ്യമായ ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് കമ്പനികളുടെ പക്കലുണ്ട്. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.
​ പെട്ടെന്നുള്ള അമിതമായ ബുക്കിംഗ് കാരണം ഓയിൽ കമ്പനികളുടെ  സോഫ്റ്റ്‌വെയറിൽ ചില സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

 ഗ്യാസ് ഏജൻസികളിൽ നിന്നും സിലിണ്ടറുകൾ നേരിട്ട് 'ക്യാഷ് ആൻഡ് ക്യാരി' രീതിയിൽ നൽകുന്നത് നിയമവിരുദ്ധമാണ്. അതിനാൽ ഉപഭോക്താക്കൾ സിലിണ്ടറുകൾക്കായി ഏജൻസികളിലോ ഗോഡൗണുകളിലോ നേരിട്ട് എത്തേണ്ടതില്ല.

ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് വിതരണത്തിൽ മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ അറിയിച്ചു.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥ മന്ദിരങ്ങൾ, സാമൂഹിക നീതിവകുപ്പിന്റെ അംഗീകാരമുള്ള വൃദ്ധ സദനങ്ങൾ തുടങ്ങിയവക്ക് വാണിജ്യ സിലിണ്ടർ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

​പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയാൻ ജില്ലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
​ജില്ലയിലെ ഏഴു താലൂക്കുകളിലായി ഒൻപത് സ്‌ക്വാഡുകൾ  വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്കെതിരെ നടപടി സ്വീകരിക്കും.

​അനുമതിയില്ലാതെ 100 കിലോയിലധികം പാചകവാതകം സൂക്ഷിക്കുന്നത് ശിക്ഷാർഹമാണ്. ഇത്തരക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ  ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
​ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകും.
​അവധി ദിവസങ്ങളിലും പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ ജില്ലാ സപ്ലൈ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുമെന്നും ഉപഭോക്താക്കൾ ഒരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു.

date