Skip to main content

വരൾച്ചാ പ്രതിരോധവും മൺസൂൺ മുന്നൊരുക്കവും: അവലോകന യോഗം ചേർന്നു

വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ, മൺസൂൺ മുന്നൊരുക്കം എന്നിവ ചർച്ച ചെയ്യാൻ ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേര്‍ന്നു. വേനൽക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾക്കും തീപിടുത്തങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്നും കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയെത്തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. 

വിവിധ വകുപ്പുകളുടെ വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ, മൺസൂൺ മുന്നൊരുക്കങ്ങൾ കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികൾ എന്നിവ യോഗത്തിൽ അവലോകനം ചെയ്തു. കുടിവെള്ളക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് ജലവിതരണം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിൽ തണ്ണീർപന്തലുകൾ സ്ഥാപിക്കാനും കിയോസ്കുകൾ വഴി കുടിവെള്ളം ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. കൃഷിവകുപ്പ് തുള്ളിനന പോലുള്ള ജലസംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് തൊഴുത്തുകളിലും ഫാമുകളിലും കുടിവെള്ളവും തണലും ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. തൊഴിൽ മേഖലയിൽ കഠിനമായ ചൂട് പരിഗണിച്ച് ഉച്ചയ്ക്ക് 11 മണി മുതൽ മൂന്ന് മണിവരെ വിശ്രമവേളയായി നിശ്ചയിച്ച് ജോലി സമയം പുനഃക്രമീകരിക്കണം. ആരോഗ്യവകുപ്പ് സൂര്യാതപം, പകർച്ചവ്യാധികൾ എന്നിവയ്ക്കെതിരെ മുൻകരുതൽ എടുക്കുകയും ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഒ.ആർ.എസ് പാക്കറ്റുകളും ഉറപ്പാക്കുകയും വേണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി ഫാനുകളും ശുദ്ധജലവും ഉറപ്പാക്കണം. അഗ്നിശമനസേന തീപിടുത്ത സാധ്യതയുള്ളയിടങ്ങളിൽ കർശന പരിശോധന നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് യോഗത്തിൽ നിർദ്ദേശം നൽകി. 

ജില്ലയിലെ മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗത്തിൽ വിവിധ വകുപ്പുകൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.  വെള്ളപ്പൊക്ക സാധ്യതയുള്ള കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ പമ്പിംഗ് സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തോടുകളിലെ പോളകളും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണമെന്നും യോഗം നിർദേശിച്ചു. പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിന് സംവിധാനങ്ങൾ മുൻകൂട്ടി തയ്യാറാക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. വൈദ്യുതി തടസ്സവും അപകടങ്ങളും ഒഴിവാക്കാൻ കെ.എസ്.ഇ.ബി അടിയന്തരമായി മരച്ചില്ലകൾ മുറിച്ചുനീക്കണം. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കെഎസ്ആർടിസി വാഹനങ്ങൾ സജ്ജമാക്കണം. ജലജന്യ രോഗങ്ങൾ പടരാതിരിക്കാൻ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കണം. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കൃത്യമായ ബോധവത്ക്കരണവും ചികിത്സാ സഹായവും ലഭ്യമാക്കണം. ദുരന്തസാധ്യതാ മേഖലകളിൽ ഫയർഫോഴ്സും പൊലീസും നിരന്തര നിരീക്ഷണം ഉറപ്പാക്കണമെന്നും പൊതുജനങ്ങൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നതിനുള്ള പരിപാടികൾ ഊർജിതമാക്കണമെന്നും യോഗം നിർദേശിച്ചു.

യോഗത്തിൽ ദുരന്തനിവാരണ ജൂനിയർ സൂപ്രണ്ട് പി സി സുധീഷ് കുമാർ, ഹസാർഡ് അനലിസ്റ്റ് സി ചിന്തു,  വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date