Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ വിലയിരുത്തി നിരീക്ഷകരുടെ യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകരുടെ യോഗം ചേർന്നു. കാക്കനാട് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ ജി. പ്രിയങ്കയുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. 
റിട്ടേണിങ് ഓഫീസർമാരും നോഡൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യവും സുഗമവുമായി നടത്തുന്നതിനായി ജില്ലയിൽ സജ്ജമാക്കിയിട്ടുള്ള വിപുലമായ ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചു നൽകി. ജില്ലയിലെ വിവിധ വകുപ്പുകളുടെ ഏകോപനവും സുരക്ഷാ സജ്ജീകരണങ്ങളും യോഗത്തിൽ പ്രധാന ചർച്ചാവിഷയമായി.

തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിനും നിരീക്ഷണത്തിനുമായി ജില്ലയിലുടനീളം ശക്തമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര പരിശോധനകൾക്കായി ഫ്ലെയിങ് സ്ക്വാഡുകളെയും, നിശ്ചിത കേന്ദ്രങ്ങളിൽ വാഹന പരിശോധനയും, പണമിടപാടുകൾ നിരീക്ഷിക്കാൻ സ്റ്റാറ്റിക് സർവെയലൻസ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ചെലവുകൾ വീഡിയോ സഹിതം രേഖപ്പെടുത്താൻ വീഡിയോ സർവെയലൻസ് ടീമും സജീവമാണ്. കൂടാതെ, പൊതുസ്ഥലങ്ങളിലെ പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിനും ചട്ടലംഘനങ്ങൾ തടയുന്നതിനുമായി ആന്റി ഡിഫേസ്‌മെന്റ് ടീമിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്നും അവയുടെ ചെലവ്, ബന്ധപ്പെട്ട പാർട്ടിയുടെയോ സ്ഥാനാർത്ഥിയുടെയോ കണക്കിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
 
തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക്  കമ്മീഷൻ നിരീക്ഷകർ നിർദ്ദേശം നൽകി.

date