Skip to main content

എല്ലാ ജനവിഭാഗങ്ങൾക്കും വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും : ജില്ലാ കളക്ടർ

വോട്ട് ചെയ്യാൻ താല്പര്യമുള്ള എല്ലാവർക്കും അതിനുള്ള അവസരം ഒരുക്കുക എന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ജി പ്രിയങ്ക. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് വേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന ഒരുക്കങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. 

സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ എല്ലാ ജനവിഭാഗങ്ങൾക്കും  വിപുലമായ സൗകര്യങ്ങളാണ് പോളിങ്  ബൂത്തുകളിൽ ഒരുക്കുക. മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും സഹായിക്കുനതിനായി എല്ലാ ബൂത്തുകളിലും അങ്കണവാടി വർക്കർമാരെയും, ഹെൽപ്പർമാരെയും, ആശാ വർക്കർമാരെയും നിയോഗിക്കും. റാമ്പുകൾ, മിനി ക്രഷ്,  മുലയൂട്ടുന്ന അമ്മമാർക്കായി പ്രത്യേക മുറികൾ,  ഗർഭിണികൾക്കും, വയോജനങ്ങൾക്കും വിശ്രമിക്കാനുള്ള ഇടങ്ങൾ എന്നിവ ക്രമീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജിബിൻ ലോലിതാ സെൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി തുടങ്ങിയവർ പങ്കെടുത്തു.

date