നിശബ്ദ പ്രചാരണ കാലയളവില്‍ കര്‍ശനനിരീക്ഷണം പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം - ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂര്കാലയളവില് വിവിധ മാധ്യമങ്ങളില്‍ പ്രത്യേകിച്ചും പൊതുവായും പെരുമാറ്റചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ബദ്ധശ്രദ്ധരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ എന്‍. ദേവിദാസ്. മാധ്യമനിരീക്ഷണ സമിതി ചെയര്‍മാനെന്ന നിലയ്ക്ക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തിരഞ്ഞെടുപ്പ് ദിവസവും തലേദിവസവും അച്ചടിമാധ്യമങ്ങളില്‍ നല്കുന്ന പരസ്യങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള അനുമതി നിശ്ചിതസമയക്രമത്തിനുള്ളില് നിര്‍ബന്ധമായി നേടണമെന്ന് വ്യക്തമാക്കി.
നിശബ്ദപ്രചാരണവേളയില് സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയകക്ഷികള്‍ എന്നിവര്ക്കെന്നപോലെ സ്വകാര്യവ്യക്തികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഈ ഘട്ടത്തില്‍ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും വിലക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് നിഷ്കര്‍ഷിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്കി. സമൂഹമാധ്യമങ്ങളില്‍ ഇതുവരെ അനുമതിയില്ലാതെ നല്കിയ 334 പ്രചാരണ ആവിഷ്കാരങ്ങള്‍ക്കെതിരെയും സംശയാസ്പദമായി കണ്ടെത്തിയ 5 പെയ്ഡ് ന്യൂസുകള്ക്കെതിരെയും നടപടി കൈക്കാണ്ടതായും വ്യക്തമാക്കി.
സമിതി മെമ്പര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ സബ് കലക്ടര്‍ അഖില്‍ വി. മേനോന്, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പി. എസ്. സുമല്‍ കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.എസ്. പ്രശാന്ത്, മാധ്യമ നിരീക്ഷകരായ ഇഗ്നേഷ്യസ് പെരേര, കെ. രാജന്‍ബാബു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments