ഉഷ്ണതരംഗം: ത്വക്-നേത്രരോഗങ്ങള്‍ക്കും സാധ്യത സുരക്ഷാമുന്‍കരുതലെടുക്കണം - ജില്ലാ കലക്ടര്‍
ഉഷ്ണതരംഗപശ്ചാത്തലത്തില് തുടര്‍ച്ചയായി കൂടുതല്‍സമയം അള്ട്രാവയലറ്റ്രശ്മികള് ശരീരത്തില്ഏല്ക്കുന്നതിനെതിരെ സുരക്ഷാമുന്കരുതലെടുക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന്നായ ജില്ലാ കലകട്ര് എന്‍. ദേവിദാസ്. സൂര്യാതപത്തിനുപുറമേ ത്വക്ക്രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും സാധ്യത നിലനില്‍ക്കുകയാണ്. പകല്‍ 10 മണി മുതല്‍ മൂന്ന് വരെയുള്ള സമയത്താണ് അള്‍ട്രാവയലറ്റ് സൂചിക ഏറ്റവും ഉയര്‍ന്ന നിലയിലാകുക. കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനം.
പുറംജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ചര്‍മ്മരോഗങ്ങള്‍, ആല്‍ബനിസം, നേത്രരോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും വെയിലത്തിറങ്ങരുത്.
പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ശീലമാക്കണം. ശരീരം മുഴുവന്‍ മറയുന്ന പരുത്തിവസ്ത്രങ്ങള്‍ ഉചിതം. യാത്രകള്‍ക്കിടയിലും ജോലിക്കിടയിലുമുള്ള ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാം. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത കൂടുതലായിരിക്കും. തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളിലും അന്തരീക്ഷത്തില്‍ ഇത്തരം രശ്മികളുടെ സാന്നിധ്യം ഉയര്‍ന്നേക്കാം. ജലാശയങ്ങള്‍, മണല്‍ തുടങ്ങിയ പ്രതലങ്ങള്‍ വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ അത്തരം മേഖലകളിലും സൂചിക ഉയര്‍ന്ന നിലയിലായിരിക്കും. സാഹചര്യം കണക്കിലെടുത്ത് പുറത്തിറങ്ങുന്നതിന് സ്വയംനിയന്ത്രണത്തിന് വിധേയമാകാമെന്നും വ്യക്തമാക്കി.
- Log in to post comments