Skip to main content

ലോക മലമ്പനി ദിനം: മത്സ്യ തൊഴിലാളികൾക്ക്   കൊതുക് വല വിതരണവും മലമ്പനി പരിശോധനയും സംഘടിപ്പിച്ചു

 

ലോക മലമ്പനി ദിനാചരണവും മത്സ്യ തൊഴിലാളികൾക്കുള്ള മലമ്പനി പരിശോധനയും കൊതുക് വല വിതരണവും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ. കെ സി സച്ചിൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആയിക്കര ഫിഷിങ് ഹാർബർ എഞ്ചിനീയറിംഗ് കാന്റീൻ കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ  വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി അധ്യക്ഷത വഹിച്ചു.

"മലമ്പനി ഇല്ലാതാക്കാൻ നമുക്ക് ഇപ്പോൾ കഴിയും, നമുക്കത് ചെയ്യാം" എന്നതാണ് ഈ വർഷത്തെ ലോക മലമ്പനി ദിനത്തിന്റെ പ്രമേയം. 2028 ഓടെ ജില്ലയിൽ നിന്നും മലമ്പനി നിവാരണം ചെയ്യുക എന്നതാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്ന്‌ വർഷം ജില്ലയിൽ തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാതിരുന്നാലാണ് മലമ്പനി നിവാരണം ചെയ്തതായി കണക്കാക്കുന്നത്. 

പരിപാടിയുടെ ഭാഗമായി 50 മത്സ്യ തൊഴിലാളികൾക്ക് കൊതുക് വല വിതരണം ചെയ്തു. കൊതുക് ജന്യ രോഗ ബോധവത്കരണ പ്രദർശനവും മലമ്പനി പരിശോധനയും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽകുമാർ ദിനാചരണ സന്ദേശം നൽകി. ഫിഷറീസ് എക്സ്‌റ്റെൻഷൻ ഓഫീസർ അഖിൽ രാജ്, അഫ്നിയ, മറൈൻ പോലീസ് ഇൻസ്‌പെക്ടർ പ്രസാദ്, ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷൻ ആൻഡ് മാസ്സ് മീഡിയ ഓഫീസർ ടി സുധീഷ്, എം ബി മുരളി, രാജേഷ് കുമാർ, എം. കെ ഉമേശൻ, സി പി രമേശൻ, എന്നിവർ പങ്കെടുത്തു. 

ജില്ലയിൽ മലമ്പനി അതിഥി തൊഴിലാളികൾക്കിടയിൽ 

ജില്ലയിൽ അവസാനമായി തദ്ദേശീയ മലമ്പനി കേസ്‌ റിപ്പോർട്ട്‌ ചെയ്തത് 2024 ൽ കണ്ണൂർ ആയിക്കരയാണ്. മലമ്പനി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി എത്തിച്ചേരുന്ന അതിഥി തൊഴിലാളികൾക്കിടയിലും മലമ്പനി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നുണ്ട്. 2025 ൽ 74 മലമ്പനി കേസുകൾ ഇതര സംസ്ഥാന തൊഴിലാളികൾ ക്കിടയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ സഞ്ചരിച്ചവരിൽ നിന്നും ജില്ലയിൽ കണ്ടെത്തുകയുണ്ടായി. 2026 ൽ ഇതുവരെ ഒൻപത് മലമ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്തു. എല്ലാം തന്നെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരിലാണ് കണ്ടെത്തിയിട്ടൂള്ളത്. മഹാരാഷ്ട്ര, ഒറീസ, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ ആണ് കൂടുതലും മലമ്പനി  റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്.

date