കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ പനിക്കെതിരെ പ്രതിരോധശീലങ്ങൾ ഉറപ്പാക്കുക- ജില്ലാ മെഡിക്കൽ ഓഫീസർ
കൊതുക് പരത്തുന്ന വെസ്റ്റ് നൈൽ പനിക്കെതിരെ പ്രതിരോധശീലങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ദേശാടന പക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന വൈറസ് കൊതുക് കടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നു. കെട്ടിനിൽക്കുന്ന മലിനമായ വെള്ളത്തിലും ഒഴുക്കില്ലാത്ത വെള്ളത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ച് വളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ.
സാധാരണയായി വെള്ളം കെട്ടി കിടക്കാൻ ഇടയുള്ള ടയറുകൾ, പാത്രങ്ങൾ, എന്നിവിടങ്ങളിലും കൊതുക് പെരുകാൻ ഇടയുണ്ട്. കൊതുക് കടി ഒഴിവാക്കാനുള്ള പ്രതിരോധശീലങ്ങൾ പാലിക്കുന്നതും വീടുകളിലും പരിസരത്തും വ്യക്തിഗതമായും സാമൂഹ്യാധിഷ്ഠിതവുമായും നടത്തുന്ന കൊതുക് നശീകരണ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ആണ് പ്രധാന പ്രതിരോധ മാർഗം.
വ്യക്തിഗത പ്രതിരോധ ശീലങ്ങൾ പാലിക്കുക
കൊതുകടി കൊള്ളുന്നതിന് സാധ്യത കൂടുതലുള്ള പ്രഭാത വേളയിലും വൈകുന്നേരങ്ങളിലും കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പ്രഭാത/സായാഹ്ന നടത്തം തുടങ്ങി വ്യായാമങ്ങളിൽ ഏർപ്പെടുന്നവരും ഈ സമയങ്ങളിൽ പുറത്ത് സമയം ചെലവിടുന്നവരും കൊതുക് കടി ഏൽക്കാതെ ശ്രദ്ധിക്കുക. പുറത്ത് സമയം ചെലവിടാതിരിക്കുന്നതാണ് ഉചിതം
പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള കൈകാലുകൾ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. കൊതുക് കടി പ്രതിരോധിക്കുന്ന ലേപനങ്ങൾ കൃത്യമായി പുരട്ടുക. കിടപ്പുമുറിയിലും മറ്റും മുഷിഞ്ഞ വസ്ത്രങ്ങൾ കൂട്ടി ഇടാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുക് കടക്കാത്ത വിധം ജനാലകളിലും വാതിലുകളിലും മോസ്കിറ്റോ നെറ്റ് ഘടിപ്പിക്കുക. ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക
കൊതുക് നശീകരണം ഉറപ്പാക്കുക
വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ ഇല്ലാതെയാക്കുക.ടെറസിലും പാത്തികളിലും വെള്ളം തങ്ങിനിൽക്കാത്ത വിധം വൃത്തിയാക്കുക. ടയറുകൾ, പാഴ് വസ്തുക്കൾ എന്നിവ വെള്ളം നനയാത്ത വിധം സൂക്ഷിക്കുക. വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങൾ മൂടി സൂക്ഷിക്കുക. ഇടയ്ക്കിടെ വശങ്ങൾ തേച്ചുരച്ച് കഴുകി വൃത്തിയാക്കുക.
ശൗചാലയങ്ങളുടെ വെൻ്റ് പൈപ്പ് കൊതുക് കടക്കാത്ത വിധം വലയിട്ടു മൂടുക.വീടിനു പരിസരത്തെ കുറ്റിച്ചെടികൾ വെട്ടി വൃത്തിയാക്കുക. വീടിന് പരിസരത്ത് മലിനമായതോ ഒഴുക്കില്ലാത്തതോ ആയ വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിലെയും പരിസരങ്ങളിലെയും കൊതുക് നശീകരണം സാധ്യമാക്കുന്ന ഫോഗിങ്ങ് മറ്റ് കൊതുക് നശീകരണ പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഉറപ്പാക്കുക. വീടിനും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാത്തത് പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം പിഴയീടാക്കാവുന്ന കുറ്റമാണ്. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുക. അജൈവമാലിന്യങ്ങൾ കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുക.
വയോജനങ്ങൾ രോഗപ്രതിരോധശേഷി കുറഞ്ഞവർ ഗർഭിണികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കുക. പനി, ക്ഷീണം മനംപിരട്ടൽ, ഛർദി, കഴുത്തു തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക. രണ്ടുമുതൽ രണ്ടാഴ്ച വരെ രോഗലക്ഷണം പ്രകടമാകാൻ സമയം എടുത്തേക്കും.
ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. പനി ശരീരവേദന തലവേദന വയറിളക്കം മനംപിരട്ടൽ പോലെയുള്ള ലക്ഷണങ്ങൾ തുടക്കത്തിൽ ഉണ്ടായേക്കാം.രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്, മസ്തിഷ്കജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്.
രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റു വ്യക്തികളിലേക്ക് രോഗം പകരില്ല. കൊതുക് കടി ഏൽക്കാതെ സുരക്ഷിതരാകുന്നത് രോഗം വരാനുള്ള സാധ്യത ഇല്ലാതാക്കുന്നു. പനി, ഉയർന്ന ശരീര താപനില, കഴുത്ത് ചലിപ്പിക്കാൻ കഴിയാതെ ആവുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.
- Log in to post comments