Skip to main content

നാളികേര ഉത്പാദനം വർദ്ധിപ്പിക്കണം, കൃഷിയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരണം: ജില്ലാ കളക്ടർ ജി പ്രിയങ്ക

നാളികേരത്തിന്റെ നാടായ കേരളം പലപ്പോഴും  തേങ്ങയ്ക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും, ഈ സ്ഥിതി മാറുന്നതിനായി സംസ്ഥാനത്ത് നാളികേര ഉത്പാദനം ഗണ്യമായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക  പറഞ്ഞു. 

എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ, മലപ്പുറം തുടങ്ങിയ അഞ്ചു ജില്ലകളിലെ കൃഷി ഓഫീസർമാർക്കായി നാളികേര വികസന ബോർഡ് സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.

​വരുന്ന പത്ത് വർഷത്തിനുള്ളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതികവിദ്യകളുടെ വളർച്ച മൂലം സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകളുടെ ആവശ്യം ഇന്നത്തെപ്പോലെ ഉണ്ടായെന്ന് വരില്ല. എന്നാൽ അപ്പോഴും മനുഷ്യന് കൃഷിയും ഭക്ഷണവും അത്യന്താപേക്ഷിതമായിരിക്കും. അതുകൊണ്ടുതന്നെ മാറുന്ന കാലത്തിനനുസരിച്ച് കാർഷിക മേഖലയെ കൂടുതൽ സജീവമാക്കേണ്ടതുണ്ട്.
​കൂടുതൽ ആളുകളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ രൂപീകരിക്കുകയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും വേണം. വിപണി സാധ്യതയുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ വരുമാനം വർദ്ധിച്ചാൽ കൂടുതൽ യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു.

​കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന ചടങ്ങിൽ നാളികേര വികസന ബോർഡ് ഡയറക്ടർ ടി. ബാലസുദാഹരി, ചീഫ് നാളികേര ഡെവലപ്‌മെന്റ് ഓഫീസർ ബി ഹനുമന്തെ ഗൗഡ, ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സഞ്ജു സൂസൻ മാത്യു എന്നിവർ പങ്കെടുത്തു.

date