8341 ഹാജിമാരെ യാത്രയാക്കി കൊച്ചി ഹജ്ജ് ക്യാമ്പ് സമാപിച്ചു
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 ഹജ്ജിനുള്ള അവസാന വിമാനം കൊച്ചി എം ബാർക്കേഷനിൽ നിന്നും മെയ് 19ന് പുലർച്ചെ 1.05ന് ജിദ്ദയിലേക്ക് യാത്രയായി. അവസാന ദിവസത്തെ ഹാജിമാർക്കുള്ള യാത്രാ സംഗമ വേദിയിലെ സമാപന സമ്മേളനത്തിൽ ഓൺ ലൈനായി മുഖ്യമന്ത്രി വി.ഡി. ശതീശൻ, മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴികൊച്ചി എംബാർക്കേഷൻ പോയിൻറിൽ നിന്നും ഏപ്രിൽ 30 മുതൽ മെയ് 19 വരെ 21 വിമാനങ്ങളിലായി ആകെ 8341 ഹാജിമാർ യാത്രയായി. ഇതിൽ 2849 പുരുഷന്മാരും 5492 സ്ത്രീകളുമാണ്. ഇതിൽ ആറ് വിമാനങ്ങൾ വിത്തൗട്ട് മഹറം വിഭാഗത്തിൽ പെട്ട സ്ത്രീകൾ മാത്രമാണ്. ലക്ഷദ്വീപിൽ നിന്നു 106 ഹാജിമാരും തമിഴ്നാടിൽ നിന്ന് 262 ഉം കർണാടകയിൽ നിന്ന് 17 ഉം പോണ്ടിച്ചേരിയിൽ നിന്ന് (മാഹി) 12 ഉം യു.പി യിൽ നിന്നുള്ള മൂന്ന് ഹാജിമാരും യാത്രയായി.
മെയ് 19ന് പുലർച്ചെ 12.35-നും 01:05 നുമുളള രണ്ട് വിമാനങ്ങളിലായി 217 ഷോർട്ട് ഹജ്ജ് വിഭാഗത്തിലുള്ള ഹാജിമാരാണ് യാത്ര തിരിച്ചത്. ഇതിൽ ലക്ഷദ്വീപിൽ നിന്നുമുള്ള രണ്ട് ഹാജിമാരും തമിഴ്നാടിൽ നിന്ന് 23 ഉം, കർണാടകയിൽ നിന്ന് അഞ്ച് ഹാജിമാരും ഉണ്ട്. കൊച്ചി എംബാർക്കേഷൻ പോയിന്റിൽ യാത്രയായ ഹജ്ജ് തീർഥാടകരിൽ 3478 പേർ മലപ്പുറം സ്വദേശികളാണ്.
ഈ വർഷം മുതൽ പുതുതായി ആരംഭിച്ച ഷോർട് ഹജ്ജിനു മെയ് 17 മുതൽ 19 തീയതി വരെ നാല് ഫ്ളൈറ്റുകളിലായി 1061 ഹാജിമാർ ആണ് പുറപ്പെട്ടത്. ഇതിൽ 533 പുരുഷ ഹാജിമാരും 528 സ്ത്രീ ഹാജിമാരും ആണുണ്ടായിരുന്നത്.
ഷോർട് ഹജ്ജ് അടക്കം ആകെ 8341 ഹാജിമാർ ആണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം കൊച്ചി എംബാർക്കേഷൻ പോയിൻറിൽ നിന്നും പുറപ്പെട്ടത്. ഫ്ളൈനാസ് എയർവേയ്സ് ആണ് കൊച്ചിയിൽ നിന്നും യാത്രക്കായുള്ള വിമാനങ്ങൾ സജ്ജീകരിച്ചത്.
സമാപന സമ്മേളനം ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉഘാടനം ചെയ്തു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ നൂർ മുഹമ്മദ് നൂർഷാ, അഡ്വ. പി. മൊയ്തീൻ കുട്ടി ഹാജി, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട, ഷംസുദ്ദീൻ അരിഞ്ചിറ, സിയാൽ എയർപോർട്ട് ഡയറക്ടർ ജി. മനു എന്നിവർ പ്രസംഗിച്ചു.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച്.മുസമ്മിൽ ഹാജീ, ഫ്ളൈനാസ് സ്റ്റേഷൻ ഹജ്ജ് ഓപ്പറേഷൻ മാനേജർ ഹനി, ഹജ്ജ് നോഡൽ ഓഫീസർ പി.കെ. അസ്സയിൻ എന്നിവരെയും സെൽ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും ചടങ്ങിൽ ആദരിച്ചു. ഹജ്ജ് ക്യാമ്പ് വിജയത്തിനായി ക്യാമ്പിൽ പ്രവർത്തനങ്ങളിലേർപ്പെട്ട വിവിധ ഏജൻസികളൈയും, ഡിപ്പാർട്ട്മെന്റുകളെയും ഹജ്ജ് കമ്മിറ്റി അഭിനന്ദിച്ചു.
കേരളത്തിലെ മറ്റ് എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂരിൽ നിന്നും 4519 പേരും, കോഴിക്കോട് നിന്നും 968 പേരുമാണ് ഹജ്ജിന് ഇതിനകം യാത്രയായത്. മൊത്തം 13828 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീർഥാടനം നടത്തിയത്.
- Log in to post comments