സാമൂഹ്യ പ്രതിബദ്ധതയും സേവന മനോഭാവവും ആരോഗ്യരംഗത്ത് അനിവാര്യം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍
ഓരോ ആരോഗ്യശാസ്ത്ര ബിരുദധാരിയും തങ്ങളുടെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടി സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്ന് കേരള ആരോഗ്യശാസ്ത്ര സവ്വകലാശാലയുടെ ചാന്‍സലറും കേരള ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ചൊവ്വാഴ്ച തൃശ്ശൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള സെനറ്റ് ഹാളില്‍ നടന്ന സര്‍വ്വകലാശാലയുടെ 22-ാമത് ബിരുദദാനച്ചടങ്ങില്‍ ബിരുദധാരികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് മികച്ച സേവനം നല്‍കുന്നതിനായി ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ ആഴത്തിലുള്ള പ്രാവീണ്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകപ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് അല്ലാ രഖായുടെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഓരോ ജോലിയിലുമുള്ള വൈദഗ്ധ്യത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചത്.
നിങ്ങളുടെ വളര്‍ച്ച ആശുപത്രിയുടെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുക്കരുത്. അതിനപ്പുറം ചിന്തിക്കുകയും വ്യത്യസ്തമായ സമീപനത്തോടെ സമൂഹത്തിനും ജനങ്ങള്‍ക്കും മികച്ച സേവനം നല്‍കുകയും വേണമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യരംഗം സാമൂഹിക പ്രതിബദ്ധത ആവശ്യമുള്ള ഒരു തൊഴില്‍ മേഖലയാണെന്നും, ആ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിവുള്ളവരാണെന്ന വിശ്വാസത്തിലാണ് ആരോഗ്യപ്രവര്‍ത്തകരില്‍ ഈ ദൗത്യം ഏല്‍പ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിരുദദാനച്ചടങ്ങില്‍ എടുത്ത പ്രതിജ്ഞ ജീവിതത്തിന്റെ ഭാഗമാക്കി, ആത്മാര്‍ത്ഥതയോടെ ജനങ്ങളെ സേവിക്കണമെന്നും അദ്ദേഹം ബിരുദധാരികളോട് ആവശ്യപ്പെട്ടു. ജോലിചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തേണ്ടത് അനിവാര്യം തന്നെയാണ് എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യത്യസ്തമായി ചിന്തിച്ച് വരുമാനം നേടുന്നതോടൊപ്പംതന്നെ സമൂഹ നന്മ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ സ്വാഗതം ആശംസിച്ചു. രജിസ്ട്രാര്‍ പ്രൊഫ. (ഡോ.) എസ്. ഗോപകുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. (ഡോ.) എസ്. അനില്‍കുമാര്‍, അക്കാദമിക് ഡീന്‍ ഡോ. ആര്‍. ബിനോജ്, റിസര്‍ച്ച് ഡീന്‍ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്‌സ് ഡീന്‍ ഡോ. ആര്‍. ആശിഷ്, ആരോഗ്യശാസ്ത്രത്തിലെ ഏഴ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഫാക്കല്‍റ്റി ഡീന്മാര്‍, ഗവേണിങ് കൗണ്‍സില്‍-അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, മറ്റ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍, ബിരുദധാരികള്‍, രക്ഷിതാക്കള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സര്‍വ്വകലാശാലയുടെ ഏഴ് അക്കാദമിക് മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ ബിരുദം സ്വീകരിച്ചു. കേരളത്തിലെ 395 ആരോഗ്യശാസ്ത്ര സ്ഥാപനങ്ങളില്‍നിന്നായി മോഡേണ്‍ മെഡിസിന്‍, ഡെന്റല്‍ സയന്‍സസ്, ആയുര്‍വേദം/ യുനാനി/ സിദ്ധ, ഹോമിയോപ്പതി, നഴ്‌സിംഗ്, ഫാര്‍മസി, അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നീ മേഖലകളില്‍ നിന്നായി 7457 വിദ്യാര്‍ത്ഥികളാണ് ഈ കാലയളവില്‍ ബിരുദം നേടിയത്. നേരിട്ട് ബിരുദം കൈപ്പറ്റാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുനല്‍കും.
2363 ബിരുദാനന്തര ബിരുദധാരികള്‍, 11 പിഎച്ച്.ഡി. അവാര്‍ഡ് ജേതാക്കള്‍, 5083 ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ 7457 പേരാണ് ഈ കാലയളവില്‍ ബിരുദം നേടിയത്. ഇതോടെ സര്‍വ്വകലാശാല സ്ഥാപിതമായതിനുശേഷം ബിരുദം നേടുന്നവരുടെ എണ്ണം 1,89,497 ആയി ഉയര്‍ന്നു. (1,82,040+7457).
- Log in to post comments