കുടുംബശ്രീ മാതൃക പഠിക്കാൻ പുതുച്ചേരി സംഘം ഗുരുവായൂരിലെത്തി
കുടുംബശ്രീയുടെ ദാരിദ്ര്യ നിർമ്മാർജനവും, വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും നേരിൽ കണ്ടു പഠിക്കുന്നതിനായി പുതുച്ചേരിയിൽ നിന്നുള്ള ഔദ്യോഗിക സംഘം ഗുരുവായൂരിലെത്തി. ഔട്ട്ഗാരെറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഡി-ജെ-എസ് പദ്ധതിയുടെ ഭാഗമായാണ് പുതുച്ചേരിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സി.എൽ.എഫ്/എ.എൽ.എഫ് അംഗങ്ങളും അടങ്ങുന്ന സംഘം പഠനയാത്രയും ഫീൽഡ് സന്ദർശനവും നടത്തിയത്.
കുടുംബശ്രീയുടെ പ്രവർത്തനരീതി, വനിതാ സംരംഭങ്ങൾ, ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ, സി.ഡി.എസ് സംവിധാനങ്ങൾ, മൈക്രോ എന്റർപ്രൈസ് യൂണിറ്റുകൾ, ബയോപാർക്ക് പ്രവർത്തനങ്ങൾ എന്നിവ പഠിക്കുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 18 മുതൽ 22 വരെ നടക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ പഠനസെഷനുകളും ഫീൽഡ് സന്ദർശനങ്ങളും വരും ദിവസങ്ങളിലായി നടക്കും. കേരളത്തിലെ കുടുംബശ്രീ സംവിധാനത്തിലെ സി.ഡി.എസ്, എ.ഡി.എസ് ഘടനകൾക്ക് സമാനമായ രീതിയിലാണ് പുതുച്ചേരിയിൽ സി.എൽ.എഫ്, എ.എൽ.എഫ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
ഗുരുവായൂർ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ വെച്ച് നടന്ന ആദ്യ ദിവസത്തെ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ പഠന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു മോനിഷയും, ഗുരുവായൂർ നഗരസഭയുടെ മാലിന്യ സംസ്കരണത്തെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപും ക്ലാസ്സ് എടുത്തു.
27 വർഷമായി കുടുംബശ്രീ നടപ്പിലാക്കി വരുന്ന ദാരിദ്ര്യ നിർമാർജനവും വനിതാ ശാക്തീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച അവതരണവും സംവാദവും നടന്നു. തുടർന്ന് സി.ഡി.എസ് പ്രവർത്തനങ്ങളുടെ അവതരണവും ആശയവിനിമയവും സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം മുനിസിപ്പൽ ബയോപാർക്കിന്റെ വീഡിയോ അവതരണവും സി.ഡി.എസ് പ്രവർത്തനങ്ങളുടെ പ്രദർശനവും നടന്നു.
രണ്ടാം ദിവസവും തുടർന്നുള്ള ദിവസങ്ങളിലും സി.ഡി.എസ് സന്ദർശനം, നാച്ചുറൽ പ്യൂർ ഡ്രിങ്കിംഗ് വാട്ടർ ആർ.ഒ പ്ലാന്റ്, ബയോപാർക്ക്, നക്ഷത്ര ഫുഡ്സ് മൈക്രോ എന്റർപ്രൈസ് യൂണിറ്റ്, തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള ഫീൽഡ് സന്ദർശനങ്ങളും വിവിധ സംവാദ പരിപാടികളും നടക്കും. കേരളത്തിലെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംഘാംഗങ്ങൾ അഭിപ്രായപെട്ടു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ് വി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത്കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ ദീപക്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരായ കെ.കെ പ്രസാദ്, കെ. രാധാകൃഷ്ണൻ, പുതുച്ചേരി ഔട്ഗാരറ്റ് മുനിസിപ്പാലിറ്റി അർബൻ ഡെവലപ്പ്മെന്റ് സൊസൈറ്റി അസിസ്റ്റന്റ് ഹെലൻ, ഗുരുവായൂർ സി.ഡി.എസ് ചെയർപേഴ്സൺമാരായ വിചിത്ര മനോജ്, സജന രമേഷ്, സിറ്റി മിഷൻ മാനേജർ വിബിത ബാബു എന്നിവർ സംസാരിച്ചു.
- Log in to post comments