മഴക്കാല മുൻകരുതൽ; ക്ഷീരകർഷകർക്ക് മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്
മഴക്കാലത്തിന് മുന്നോടിയായി ക്ഷീരകർഷകർക്ക് മുന്നറിയിപ്പുമായി തൃശ്ശൂർ ജില്ല മൃഗ സംരക്ഷണ വകുപ്പ്. മഴക്കാലത്ത് പശുക്കൾക്ക് രോഗസാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണമെന്നും ശുചിത്വം ഉറപ്പാക്കണം എന്നും വകുപ്പ് നിർദേശിച്ചു.
മുടന്തൻ പനി, കുളമ്പുരോഗം, പൂപ്പൽ വിഷബാധ, അകിടുവീക്കം, കുരലടപ്പൻ തുടങ്ങിയ രോഗങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ പ്രത്യേക ശ്രദ്ധ വേണം. പാലുത്പാദനം കൂടുതലുള്ള പശുക്കൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ ഊർജ്ജം കൂടുതലായുള്ള തീറ്റകൾ ആവശ്യമായ അളവിൽ നൽകണം. കന്നുകാലികളുടെ ആരോഗ്യം, തൊഴുത്ത്, ചാണകുഴി, പരിസര പ്രദേശങ്ങളുടെ ശുചിത്വം കറവക്കാരന്റെ ശുചിത്വം എന്നിവ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തൊഴുത്ത് വൃത്തിയാക്കുവാൻ ബ്ലീച്ചിങ് പൗഡർ, അലക്കുകാരം, കുമ്മായം എന്നിവ ഉപയോഗിക്കണം. തറയിൽ വെള്ളവും പാലും കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ഏത് കാലാവസ്ഥയിലും ചാണകവും മൂത്രവും തൊഴുത്തിനു സമീപം കെട്ടിനിൽക്കാതെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. പരിസരം കുമ്മായം വിതറി അണുവിമുക്തമാക്കേണ്ടതാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ ഈച്ച, കൊതുക്, പട്ടുണ്ണി എന്നിവയെ നിയന്ത്രിക്കാൻ കർപ്പൂരം, കുന്തിരിക്കം, തുമ്പ എന്നിവ പുകക്കാം. മഴക്കാലത്തു വയറിളക്കം, പൂപ്പൽ വിഷ ബാധ എന്നിവക്ക് സാധ്യത കൂടുതലായതിനാൽ കാലിത്തീറ്റ, വൈക്കോൽ തുടങ്ങിയ തീറ്റ സാധനങ്ങൾ ഈർപ്പം തട്ടാതെ സൂക്ഷിക്കണം. ആന്തര- ബാഹ്യ പരാദങ്ങൾക്കെതിരെ കൃത്യസമയത്ത് മരുന്നു നൽകണം. ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം കുടിവെള്ളത്തൊട്ടി ആഴ്ചയിൽ കഴുകി പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തണം. ടിൻ ഷീറ്റ് അഥവാ തകിട് മേഞ്ഞ തൊഴുത്തുകളുടെ മുകളിലൂടെയോ അതിനോട് ചേർന്നോ വൈദ്യുതി കമ്പികൾ കടന്നുപോകുന്നത് വൈദ്യുതാഘാതം, തീപ്പിടുത്തം, മിന്നൽ എന്നിവ ഏൽക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഷീറ്റിൽ നിന്നും കമ്പിയിലേക്ക് സുരക്ഷിതമായ അകലം ഉണ്ടെന്നും ഇലക്ട്രിക്കൽ സിസ്റ്റം ശരിയായ എർത്തിങ് ചെയ്തിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇടിമിന്നൽ സമയത്ത് മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ മേയാൻ വിടരുത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ മൃഗങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് വേണ്ട ഉയർന്ന സ്ഥലങ്ങൾ നേരത്തെ കണ്ടു വയ്ക്കണം. വ്യവസായ ആവശ്യങ്ങൾക്കായി അപകടകരമായ രാസപാദർത്ഥങ്ങൾ ശേഖരിച്ചിട്ടുള്ള വ്യവസായ സ്ഥാപനങ്ങളുള്ള പഞ്ചായത്തുകളിൽ രാസപദാർത്ഥങ്ങൾ ജലത്തിലും മണ്ണിലും വായുവിലും കലർന്നു മൃഗങ്ങളുടെ ജീവന് അപകടഭീഷണി സൃഷ്ടിക്കുമെന്ന ന്നതിനാൽ മൃഗങ്ങളുടെ മേച്ചിൽ സ്ഥലങ്ങൾ തെരെഞ്ഞെടുക്കുമ്പോൾ കർഷകർ ശ്രദ്ധിക്കണം. പ്രതിരോധ കുത്തിവെയ്പ്പ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി എം ഹാരിസ് അറിയിച്ചു.
- Log in to post comments