Skip to main content

കേരളത്തിലെ രണ്ടാമത്തെ യുഐഡിഎഐ ആധാര്‍ സേവാ കേന്ദ്രം തൃശ്ശൂരില്‍

യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതിയ ആധാര്‍ സേവാ കേന്ദ്രം (എ എസ് കെ) തൃശ്ശൂര്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ആധാര്‍ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്രം സ്ഥാപിക്കുന്നതിനായി കേരളത്തിലെ രണ്ടാമത്തെ സ്ഥലമായി തൃശ്ശൂരിനെ തിരഞ്ഞെടുത്തതിന് ജില്ലാ കളക്ടര്‍ യുഐഡിഎഐയ്ക്ക് നന്ദി രേഖപ്പെടുത്തി. ജില്ലയിലുടനീളം ആധാറും അനുബന്ധ സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ ഉറപ്പുനല്കുകയും ചെയ്തു.

പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത ആധാര്‍ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എട്ട്തരം സൗകര്യങ്ങളോടെയാണ് കേന്ദ്രം സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. പുതിയ ആധാര്‍ എന്റോള്‍മെന്റ്, ഡെമോഗ്രാഫിക്-ബയോമെട്രിക് പുതുക്കലുകള്‍, പിശക് തിരുത്തല്‍, പരാതി പരിഹാര സേവനങ്ങള്‍ എന്നിവയെല്ലാം ഒരു കുടകീഴില്‍ സാധ്യമാക്കുകയാണ് ആധാര്‍ സേവാ കേന്ദ്രത്തിന്റെ ലക്ഷ്യം. ആധാര്‍ സേവാ കേന്ദ്രങ്ങള്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്നത് യുഐഡിഎഐയായാണ്. വീല്‍ചെയര്‍ സൗകര്യം, സൗകര്യപ്രദമായ ശുചിമുറികള്‍, സമര്‍പ്പിത പരാതി പരിഹാര സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ ജനസൗഹൃദപരവുമായ രീതിയിലാണ് കേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ആദ്യ യുഐഡിഎഐ ആധാര്‍ സേവാ കേന്ദ്രം ആരംഭിച്ചത്. വരും മാസങ്ങളില്‍ കേരളത്തിലെ ശേഷിക്കുന്ന ജില്ലകളില്‍ ആരംഭിക്കുമെന്നും, 2026 സെപ്റ്റംബറോടെ കേരളത്തിലെ മൊത്തം ആധാര്‍ സേവാ കേന്ദ്രങ്ങളുടെ എണ്ണം 14 ആയി ഉയര്‍ത്തുമെന്നും യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ പറഞ്ഞു.
 
ഉദ്ഘാടന ചടങ്ങില്‍ യുഐഡിഎഐ റീജിയണല്‍ ഓഫീസ് ബെംഗളൂരു, യുഐഡിഎഐ സ്റ്റേറ്റ് ഓഫീസ് തിരുവനന്തപുരം, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ആകാശവാണി, ദൂരദര്‍ശന്‍, സേവനദാതാവായ മെസ്സേഴ്‌സ് പ്രോട്ടീന്‍ ഇ-ഗവ് ടെക്‌നോളജീസ് എന്നിവയുടെ പ്രതിനിധികള്‍, ആധാര്‍ സേവാ കേന്ദ്രത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

 യുഐഡിഎഐ ആധാര്‍ അപ്പോയിന്‍മെന്റ് പോര്‍ട്ടലായ https://bookappointment.uidai.gov.in/ സന്ദര്‍ശിച്ച് പൊതുജനങ്ങള്‍ക്ക് എഎസ്‌കെ-യിലെ ആധാര്‍ സേവനങ്ങള്‍ക്കായി ഓണ്‍ലൈനായി അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാം. അഞ്ച് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലുകള്‍ 2026 സെപ്റ്റംബര്‍ വരെ സൗജന്യമായി നല്‍കും. ഈ സൗകര്യം ആധാര്‍ സേവാ കേന്ദ്രങ്ങളിലും സ്‌കൂള്‍ ക്യാമ്പുകള്‍ വഴിയും ലഭ്യമാണ്.

date