Skip to main content

ശിശു സൗഹൃദ അങ്കണവാടികള്‍ക്കായി പുല്‍പ്പറ്റ പഞ്ചായത്തിന്റെ 'കോലുമുട്ടായി'

 

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പഠന രീതി പരിചയപ്പെടുത്തുന്നതിനും ശിശു സൗഹൃദമാക്കുന്നതിനുമായി പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന കോലുമുട്ടായി പദ്ധതി എം.എല്‍.എ പി.ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. കളികളിലൂടെയും പാട്ടുകളിലൂടെയും കുരുന്നുകളെ അറിവിന്റെ ബാല പാഠങ്ങളിലേക്ക് കൈപിടിക്കുന്ന പദ്ധതി പുല്‍പ്പറ്റ പഞ്ചായത്തിലെ 41 അങ്കണവാടികള്‍ക്ക് ഗുണകരമാകും. പുല്‍പ്പറ്റ എ.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദര്‍ശനവും മെഗാ ആംഗ്യപ്പാട്ട് എന്നിവയും ഒരുക്കിയിരുന്നു. അങ്കണവാടിയിലെ പാഠ്യപദ്ധതി പൊതു ജനങ്ങള്‍ക്ക് വിശദീകരിച്ചു നല്കുന്ന തീം രീതിയുടെ അവതരണമായിരുന്നു ഓരോ സ്റ്റാളുകളിലും ഒരുക്കിയിരുന്നത്.

അങ്കണവാടികളിലെ ഹാജര്‍ നില ഉയര്‍ത്തുക, അങ്കണവാടിയിലെ പ്രീ സ്‌കൂള്‍ തീം രീതി പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ ദോഷത്തെ കുറിച്ച് ബോധവത്കരിക്കുക, ശാരീരിക മാനസിക സാമൂഹിക ബൗദ്ധിക വികാസത്തിന് ശിശു സൗഹൃദാന്തരീക്ഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പിരിമുറുക്കമില്ലാത്ത പുതു തലമുറയെ സൃഷ്ടിക്കുക, സ്‌കൂളിലേക്ക്  പോകുവാനും പഠനത്തോട് താത്പര്യമനോഭാവം ഉണ്ടാവാനും സാഹച്രയം ഒരുക്കുക, സ്വഭാവ രൂപീകരണത്തില്‍ അങ്കണവാടിയുടെ പങ്കിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, അങ്കണവാടി പ്രവര്‍ത്തകരുടെ പ്രീ സ്‌കൂള്‍ പഠനം നടത്തുന്നതിനുള്ള പാഠവം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് കോലുമുട്ടായി പദ്ധതി ലക്ഷ്യമാക്കുന്നത്.
പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പി.സി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസി. പറമ്പന്‍ ലക്ഷ്മി, മൊറയൂര്‍ പഞ്ചായത്ത് പ്രസി. സലീം മാസ്റ്റര്‍, കാവനൂര്‍ പഞ്ചായത്ത് പ്രസി. റംല, കുഴിമണ്ണ പഞ്ചായത്ത് പ്രസി. ബാലത്തില്‍ ബാപ്പു, ചിക്കോട് പഞ്ചായത്ത് പ്രസി. കെ.പി സഈദ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ചോലോടന്‍ ഇബ്രാഹീം, ഉമ്മുഹബീബ കെ, എന്‍ ഫാത്തിമ റഹീമ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date