ശക്തമായ കാറ്റിന് സാധ്യത ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍
ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായകാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ ആനി ജൂല തോമസ്.
പൊതുജാഗ്രത നിര്‍ദേശങ്ങള്‍
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരച്ചുവട്ടില്‍ നില്‍ക്കരുത്, വാഹനങ്ങളും നിര്‍ത്തിയിടരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ ചില്ലകള്‍ വെട്ടിയൊതുക്കണം. പൊതുയിടങ്ങളില്‍ ഇത്തരംമരങ്ങളുണ്ടെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാം. ഉറപ്പില്ലാത്ത പരസ്യബോര്‍ഡുകള്‍, വൈദ്യുത തൂണുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യാം. കാറ്റില്‍ വീണുപോകാന്‍സാധ്യതയുള്ള ഉപകരണങ്ങളും കോണി ഉള്‍പ്പടെയുള്ള വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവയ്ക്കണം. കാറ്റ് വീശിതുടങ്ങുമ്പോള്‍ ജനലുകളും വാതിലുകളും അടച്ചിടണം. ഓലമേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറണം.
ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം. വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണു അപകടങ്ങളുണ്ടാകാം. ഇവ ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 കണ്‍ട്രോള്‍ റൂമിലോ 1077 നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.
അതിരാവിലെ ജോലിക്ക് ഇറങ്ങുന്ന പത്രം-പാല്‍വിതരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേക ജാഗ്രതപാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. കൃഷിയിടങ്ങളിലൂടെ കടന്ന്‌പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലിനിര്‍ത്തി സുരക്ഷിതമായഇടത്തേക്ക് മാറണം.
- Log in to post comments