Skip to main content

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണം: ആരോഗ്യ ഭക്ഷണ വിഭവ നിര്‍മാണ മത്സരം 11ന്

 

 

ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11ന് ആരോഗ്യകരമായ ഭക്ഷണ വിഭവ നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. ആരോഗ്യകരവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പാലക്കാട് മേഴ്സി കോളജാണ് മത്സരവേദി. രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ് സമയം. കുടുംബശ്രീ ഭക്ഷ്യസംരംഭ യൂണിറ്റുകള്‍, കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍, പാചക യൂണിറ്റുകള്‍, വനിതാ സ്വയം തൊഴില്‍ സംഘങ്ങള്‍, എഫ്എസ്എസ്എഐയില്‍ രജിസ്റ്റര്‍ ചെയ്ത ഭക്ഷ്യ ഉല്‍പ്പാദന/വിതരണ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ സ്വയം തയ്യാറാക്കിയ, ആരോഗ്യപരിപാലനത്തിന് സഹായകവും സുരക്ഷിതവുമായ ഒരു പോഷകസമൃദ്ധമായ വിഭവം മത്സരത്തിനായി അവതരിപ്പിക്കണം. പ്രാദേശികമായി ലഭ്യമായ ചേരുവകള്‍ക്ക് മുന്‍ഗണന. കൃത്രിമ നിറം, മധുരം, അമിത അളവില്‍ എണ്ണ, ഉപ്പ്, പഞ്ചസാര, സുരക്ഷിതമല്ലാത്ത ഭക്ഷ്യ അഡിറ്റീവുകളുടെ ഉപയോഗം ഒഴിവാക്കണം. വീട്ടില്‍ നിന്ന് വിഭവം തയ്യാറാക്കി കൊണ്ടുവരണം. മത്സരവേദിയില്‍ പാചകം ചെയ്യാന്‍ അനുവാദമില്ല.  

 

രജിസ്ട്രേഷനായി 30 മിനിറ്റ് മുമ്പ് എത്തണം. മില്ലറ്റുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, കുറഞ്ഞ പ്രോസസിംഗ് നടത്തിയ ഭക്ഷണങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമന്റോയും 5000 രൂപ (ഒന്നാം സമ്മാനം), 3000 രൂപ (രണ്ടാം സമ്മാനം), 1000 രൂപ (മൂന്നാം സമ്മാനം) എന്നിങ്ങനെ ക്യാഷ് പ്രൈസും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12.30 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 8943346599, 8606909322.

date