Skip to main content

സെന്‍സസ് 2027: സെല്‍ഫ് എന്യൂമറേഷന്‍ ഇന്നുമുതല്‍ (ജൂണ്‍ 16)

രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ഇന്ന് (ജൂണ്‍ 16) മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

പൊതുജനങ്ങള്‍ക്ക് https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് പോര്‍ട്ടലിലെ മാപ്പില്‍ കൃത്യമായ താമസസ്ഥലം 'റെഡ് മാര്‍ക്കര്‍' ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. തുടര്‍ന്ന് സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം (പ്രിവ്യൂ) അന്തിമ സമര്‍പ്പണം നല്‍കാം. ചോദ്യങ്ങള്‍ ചുവടെ:

1. വരി നമ്പര്‍

2. കെട്ടിട നമ്പര്‍

3. സെന്‍സസ് ഹൗസ് നമ്പര്‍

4. വീടിന്റെ തറ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

5. വീടിന്റെ ചുവര് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

6. വീടിന്റെ മേല്‍ക്കൂര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു

7. സെന്‍സസ് വീടിന്റെ നിലവിലെ ഉപയോഗം (താമസം, സ്ഥാപനം തുടങ്ങിയവ)

8. വീടിന്റെ ഇപ്പോഴത്തെ അവസ്ഥ (നല്ലത്, അറ്റകുറ്റപ്പണി ആവശ്യമുള്ളത്, ജീര്‍ണ്ണിച്ച അവസ്ഥ)

9. കുടുംബ നമ്പര്‍ (ഹൗസ്‌ഹോള്‍ഡ് നമ്പര്‍ )

10. കുടുംബത്തില്‍ സാധാരണയായി താമസിക്കുന്ന ആകെ വ്യക്തികളുടെ എണ്ണം

11. കുടുംബനാഥന്റെ പേര്

12. ലിംഗഭേദം (പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജന്‍ഡര്‍ വ്യക്തി)

13. കുടുംബനാഥന്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗം/മറ്റു വിഭാഗങ്ങളില്‍ പെട്ടയാളാണോ എന്ന വിവരം

14. താമസിക്കുന്ന വീടിന്റെ ഉടമസ്ഥാവകാശം (വാടകയ്ക്ക് പക്ഷേ സ്വന്തമായി വീടുണ്ട്, വാടകയ്ക്ക്, മറ്റുള്ളവ)

15. കുടുംബത്തിന്റെ കൈവശമുള്ള ആകെ കിടപ്പുമുറികളുടെ എണ്ണം

16. കുടുംബത്തില്‍ താമസിക്കുന്ന വിവാഹിതരായ ദമ്പതികളുടെ എണ്ണം

17. കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്

18. കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത (വീടിനുള്ളില്‍, പരിസരത്ത്, അതോ ദൂരെയോ)

19. വെളിച്ചത്തിനായുള്ള പ്രധാന സ്രോതസ്സ് (വൈദ്യുതി, മണ്ണെണ്ണ തുടങ്ങിയവ)

20. ശുചിമുറി സൗകര്യമുണ്ടോ?

21. ഉപയോഗിക്കുന്ന ശുചിമുറിയുടെ ഏതുതരത്തിലുള്ളത്?

22. മലിനജലം ഒഴുകിപ്പോകുന്നതിനുള്ള കുഴല്‍ ബന്ധിപ്പിച്ചിട്ടുള്ളത് (മൂടിയ ഡ്രൈനേജ്, തുറന്ന ഡ്രൈനേജ്, ഡ്രൈനേജില്ല)

23. വീട്ടില്‍ കുളിക്കാനുള്ള സൗകര്യത്തിന്റെ ലഭ്യത (കുളിമുറി, മേല്‍ക്കൂരയില്ലാത്ത മറപ്പുര, കുളിമുറിയില്ല)

24. അടുക്കളയുടെയും, എല്‍.പി.ജി/പി.എന്‍.ജി (പാചക വാതക) ലഭ്യത.

25. പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം (വിറക്, വിളകളുടെ അവശിഷ്ടം, ചാണകവറളി, കല്‍ക്കരി/ലിഗ്നൈറ്റ്/കരിക്കട്ട , മണ്ണെണ്ണ, എല്‍.പി.ജി/പി.എന്‍.ജി, വൈദ്യുതി, ബയോഗ്യാസ്, സൗരോര്‍ജം, മറ്റുള്ളവ.

26. റേഡിയോ / ട്രാന്‍സിസ്റ്റര്‍ ഉണ്ടോ? (പരമ്പരാഗത റേഡിയോ സെറ്റ്, മൊബൈല്‍, സ്മാര്‍ട്ഫോണ്‍, മറ്റേതെങ്കിലും ഉപകരണം)

27. ടെലിവിഷന്‍ ഉണ്ടോ?

28. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണോ?

29. ലാപ്‌ടോപ്പ് / കമ്പ്യൂട്ടര്‍ ഉണ്ടോ?

30. ടെലിഫോണ്‍ / മൊബൈല്‍ ഫോണ്‍ / സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ?

31. ബൈസിക്കിള്‍ / സ്‌കൂട്ടര്‍ / മോട്ടോര്‍ സൈക്കിള്‍ / മോപെഡ് ഉണ്ടോ?

32. കാര്‍ / ജീപ്പ് / വാന്‍ ഉണ്ടോ?

33. കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം ഏതൊക്കെയാണ്?

34. ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍

വിവരങ്ങള്‍ വിജയകരമായി രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക പ്രത്യേക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തി ശേഖരിക്കും.

സെന്‍സസിന്റെ പ്രാധാന്യം

ഭരണവും നയവും- സമഗ്രമായ ഡാറ്റ അധിഷ്ഠിത തീരുമാനങ്ങള്‍ക്കായുള്ള വിവരാധിഷ്ഠിത നയ രൂപീകരണം.

പൊതു അടിസ്ഥാന സൗകര്യങ്ങള്‍- റോഡുകള്‍, വൈദ്യുതി, ശുചിത്വം എന്നിവയുടെ വികസനം.

ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍-  ആശുപത്രികള്‍, സ്‌കൂളുകള്‍, അവശ്യസേവനങ്ങള്‍ എന്നിവയ്ക്കായുള്ള ആസൂത്രണത്തെ പിന്തുണയ്ക്കും.

ദുരന്ത തയ്യാറെടുപ്പ്-സമയബന്ധിതമായ പ്രതികരണത്തിനായി ദുര്‍ബല ജനവിഭാഗങ്ങളെ തിരിച്ചറിയുന്നു.

നഗര - ഗ്രാമ ആസൂത്രണം- അധിവാസ രീതികളും ജനസംഖ്യാ പ്രവണതകളും അറിയിക്കുന്നു.

അക്കാദിമ ഗവേഷണം- സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.

ക്ഷേമം-  പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റ് സമുദായങ്ങള്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍,  ദുര്‍ബലവിഭാഗങ്ങള്‍  എന്നിവര്‍ക്കായുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തുന്നു.

 

date