Skip to main content

കുളമ്പുരോഗ പ്രതിരോധം ഊര്‍ജിതമാക്കും: മലപ്പുറത്ത് എട്ടാം ഘട്ട വാക്‌സിനേഷന്‍ ജൂണ്‍ 20ന് തുടങ്ങും

കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എട്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്) ഡോ. ഷൗക്കത്തലി വടക്കുംപാടം അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാഹിന നിയാസി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. വേങ്ങര വെറ്ററിനറി സര്‍ജന്‍ ഡോ. സനൂദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന വൈറസ് രോഗമാണ് കുളമ്പുരോഗം. ഒരു വളര്‍ത്തു മൃഗത്തില്‍ കണ്ടെത്തിയാല്‍ എല്ലാ കന്നുകാലികള്‍ക്കും പടരുന്ന ഈ രോഗം പാലുദ്പാദനത്തെ സാരമായി ബാധിക്കും. അതിനാല്‍ രോഗത്തെ നാട്ടില്‍ നിന്നും തുടച്ചു നീക്കുകയാണ് ലക്ഷ്യം. 2030-ഓടെ കുളമ്പുരോഗം പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് വാക്‌സിനേഷന്‍.

ജൂണ്‍ 20 മുതല്‍ ജൂലൈ 13 വരെ 18 പ്രവര്‍ത്തന ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ കന്നുകാലികള്‍ക്കും സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നല്‍കും. 100 ശതമാനം കര്‍ഷകരിലും എത്തിക്കുന്നതിനായി ബ്ലോക്ക് തലം വരെ സ്ഥായിയായ സമിതികള്‍ രൂപീകരിക്കും.

വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ പോലക്കന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് സാദിഖ്, ഡോ. യു.സലില്‍ (എ.പി.ഒ ആതവനാട്), ഡോ. നീന ആന്‍സി സഖറിയ (എ.പി.ഒ നിലമ്പൂര്‍), തിരൂരങ്ങാടി താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ഫവാസ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. എ. ഷമീം  എന്നിവര്‍ സംസാരിച്ചു.

date