Skip to main content

ലിറ്റിൽ കൈറ്റ്സിൽ സ്റ്റുഡന്റ് മെന്റർമാരും; ജില്ലയിൽ 562 സ്റ്റുഡൻ്റ് മെൻ്റർമാർക്ക് കൈറ്റ് പരിശീലനം നൽകി 

 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ 'സ്റ്റുഡൻ്റ് മെൻ്റർ' പദ്ധതിക്ക് കൈറ്റ് തുടക്കം കുറിച്ചു. 

നിലവിൽ ജില്ലയിലെ 159 സ്കൂ‌ൾ യൂണിറ്റുകളിലായി 11337 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. 318 അധ്യാപകർ ജില്ലയിൽ കൈറ്റ് മെൻ്റർമാരായി പ്രവർത്തിക്കുന്നു. ഇതിനു പുറമെയാണ് 10 കുട്ടികൾക്ക് ഒരു വിദ്യാർത്ഥി എന്ന നിലയിൽ ജില്ലയിലെ 159 യൂണിറ്റുകളിൽ നിന്നുമായി 562 'സ്റ്റുഡൻ്റ് മെൻ്റർമാരെ' തിരഞ്ഞെടുത്തത്.

കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം, കുട്ടികളിൽ സഹാനുഭൂതിയും വിനിമയ പാടവവും വളർത്തിയെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്റ്റുഡൻ്റ് മെൻ്റർമാർക്കുള്ള ആദ്യ ശില്പശാലയിൽ ഓൺലൈൻ ആയി സംവദിച്ച കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസിലെ അംഗങ്ങളിൽ നിന്നാണ് സ്റ്റുഡൻ്റ് മെൻ്റർമാരെ തെരഞ്ഞെടുത്തത്. 

യൂണിറ്റിലെ അംഗസംഖ്യയ്ക്ക് അനുസൃതമായി 2 മുതൽ 4 വരെ മെൻ്റർമാരാണ് ഓരോ സ്‌കൂളിലും ഉണ്ടാകുക.
തങ്ങളുടെ ഗ്രൂപ്പിലുള്ള പത്ത് കൂട്ടുകാർക്കും ഐടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുക, ക്ലബ്ബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. 

കൂടാതെ, ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ലാപ്ടോപ്പോ സ്‌മാർട്ട്ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് സ്‌കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കാനും സ്റ്റുഡന്റ് മെൻ്റർമാർ മുൻകൈ എടുക്കും.

date